ഡി.വൈ.എഫ്.ഐ നേതാവിന്റെ വീടിനുനേരെ കല്ലേറ്: മണിക്കൂറിനകം പ്രതി പിടിയിൽ
text_fieldsമുക്കം: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥിന്റെ മണാശ്ശേരിയിലെ വീടിനുനേരെ ആക്രമണം. ബുധനാഴ്ച ഉച്ച 2.30നാണ് ബൈക്കിലെത്തിയ ആക്രമി വീടിനുനേരെ ഒന്നിലേറെ തവണ കല്ലെറിഞ്ഞത്. ഈ സമയം വീടിന് മുന്നിൽ ഇരുന്നിരുന്ന ദിപുവിന്റെ പിതാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കല്ലേറിൽ ടൈൽസിനും വാതിലിനും ജനലുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഈ സമയത്ത് മാതാപിതാക്കൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുത്താലം ചോലക്കുഴി രാതുൽ (23) പൊലീസ് പിടിയിലായി.
മുക്കം എസ്.ഐ ജിതേഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തിയ ശേഷം മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിലുള്ള പ്രതിഷേധമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.
ലിന്റോ ജോസഫ് എം.എൽ.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, ഏരിയ സെക്രട്ടറി വി.കെ. വിനോദ്, ജില്ല സെക്രട്ടേറിയറ്റ് അംഗം ടി. വിശ്വനാഥൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി മണാശ്ശേരിയിൽ പ്രതിഷേധയോഗവും പ്രകടനവും നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ, ജാഫർ ഷരീഫ്, ഇ. അരുൺ, എ.കെ. റനിൽ രാജ്, വിപിൻ ബാബു, എം. ആതിര, കെ.പി. അഖിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.