വ്യാജ സ്വർണപണയ തട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റ്
text_fieldsമുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് ധനകാര്യസ്ഥാപനങ്ങളിൽ വ്യാജസ്വർണം പണയപ്പെടുത്തി പണം തട്ടുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി സൂചന.
കഴിഞ്ഞമാസം പെരുമണ്ണ സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്നതിനിടെ ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി വിഷ്ണു കയ്യൂണമ്മലും സുഹൃത്ത് സന്തോഷും പിടിയിലായിരുന്നു. പ്രധാന പ്രതി വിഷ്ണുവിനെ ചോദ്യം ചെയ്തതിൽനിന്ന് കൊണ്ടോട്ടി സ്വദേശിയാണ് സ്വർണം നൽകുന്നതെന്ന് പൊലീസിന് മനസ്സിലായത്. എന്നാൽ, പൊലീസെത്തിയപ്പോഴേക്കും ഇയാൾ മുങ്ങുകയായിരുന്നു.
അതിനിടെയാണ് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയതായി വിവരങ്ങൾ പുറത്തുവരുന്നത്. സ്വർണപണയത്തിൽ വായ്പ നൽകുന്ന സംസ്ഥാനത്തുടനീളം വേരുകളുള്ള പ്രമുഖ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ മുക്കം, അരീക്കോട് ശാഖകളിലാണ് തട്ടിപ്പ് നടത്തിയതായാണ് വിവരം. രണ്ടു ലക്ഷം രൂപയാണ് മുക്കം ശാഖയിൽനിന്ന് തട്ടിയെടുത്തത്. സംഭവം പുറത്തായതോടെ ഒരു ലക്ഷം രൂപ തിരിച്ചടച്ച് പ്രശ്നം ഒതുക്കിയതായാണ് പറയപ്പെടുന്നത്. പൊലീസ് അന്വേഷണത്തിൽ ധനകാര്യസ്ഥാപനത്തിന് ആശങ്കയും താൽപര്യക്കുറവുമാണ് പരാതി നൽകാതെ പ്രശ്നം ഒതുക്കിയതെന്ന് കരുതുന്നത്.നിലവിൽ കേസിൽ പിടിക്കപ്പെട്ടവരല്ലാത്തവരാണ് ഇത്തരത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയത്.
ബാങ്കുകളിലെയും ധനകാര്യസ്ഥാപനങ്ങളിലേയും അപ്രൈസർമാർക്കുപോലും തിരിച്ചറിയാൻപറ്റാത്ത വിധമാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. പ്രധാനമായും ഉരച്ചുനോക്കുന്ന ആഭരണത്തിന്റെ കൊളുത്ത്, ലോക്കറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ സ്വർണമായിരിക്കുമെന്നതാണ് പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.