ലൈബ്രേറിയൻ നിയമനത്തിന് കോഴ: കരീം പഴങ്കലിനെയും സണ്ണി കിഴക്കരക്കാട്ടിലിനെയും സസ്പെൻഡ് ചെയ്തു
text_fieldsമുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട സംഭവത്തിൽ രണ്ടുപേർക്കെതിരെ നടപടി. കോഴ ആവശ്യപ്പെട്ട കരീം പഴങ്കൽ, ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത് പുറത്തുവിട്ട സണ്ണി കിഴക്കരക്കാട്ട് എന്നിവരെയാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തത്.
കരീം പഴങ്കലും സണ്ണി കിഴക്കരക്കാട്ടും നടത്തിയ ഫോൺ സംഭാഷണം പുറത്തായതിന്റെ അടിസ്ഥാനത്തിൽ കെ.പി.സി.സി നിർദേശപ്രകാരം കെ.പി.സി.സി മെംബർ എൻ.കെ. അബ്ദുറഹിമാനാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. 20ഓളം പേരിൽനിന്ന് മൊഴിയെടുത്താണ് റിപ്പോർട്ട് സമർപ്പിച്ചത്.
സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെടുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അംഗം കരീം പഴങ്കലിന്റെ ഫോൺ സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മാസം 12000 രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായി 50,000 രൂപയാണ് കോഴയായി ആവശ്യപ്പെട്ടത്. സാധാരണനിലയിൽ ഇത്തരം നിയമനങ്ങൾക്ക് വലിയ തുക വാങ്ങാറുണ്ടെന്നും പഞ്ചായത്തിന് പല ആവശ്യങ്ങളുണ്ടെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.