കോവിഡ് ബാധിതെൻറ മൃതദേഹം സംസ്കരിക്കാതെ തിരിച്ചയച്ചെന്ന് പരാതി
text_fieldsമുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഗ്യാസ് ശ്മശാനത്തിൽ കോവിഡ് ബാധിച്ചു മരിച്ചയാളെ ദഹിപ്പിക്കാതെ തിരിച്ചയച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച കുറ്റിപാലക്കൽ സ്വദേശിയുടെ മൃതദേഹമാണ് കാരശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ രണ്ടു മണിക്കൂർ കാത്തുനിർത്തിച്ച ശേഷം തിരിച്ചയച്ചതായി പരാതി ഉയർന്നത്.
മലയോര മേഖലയിലെ കൊടിയത്തൂർ, മുക്കം, ഓമശ്ശേരി, കൂടരഞ്ഞി തുടങ്ങിയ പഞ്ചായത്തുകളിലുള്ളവർ ആശ്രയിക്കുന്നത് കാരശ്ശേരി ഗ്യാസ് ശ്മശാനത്തെയാണ്. എന്നാൽ, മുക്കം നഗരസഭയുടെ കത്ത് ലഭിക്കാതിരുന്നതിനാലാണ് മൃതദേഹം സംസ്കരിക്കാതിരുന്നതെന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത പറഞ്ഞു. മറ്റു പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽനിന്നുള്ള മൃതദേഹം ഇവിടെ സംസ്കരിക്കണമെങ്കിൽ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണമെന്നുണ്ട്. മാത്രവുമല്ല പൊതുശ്മശാനം അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് ബാധിച്ചവരുടെ മൃതദേഹം സംസ്കരിക്കാനാവശ്യമായ പരിശീലനം ജീവനക്കാർക്ക് ലഭിച്ചിട്ടിലെന്നും അവർ പറഞ്ഞു.
മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ചു ശ്മശാനത്തിൽ ദഹിപ്പിക്കാം എന്നിരിക്കെ കാരശ്ശേരിയിൽ ദഹിപ്പിക്കില്ലെന്ന നിലപാട് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഈ നിലപാട് തിരുത്തണമെന്നും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.