ക്വാറികൾ ബന്ധിപ്പിച്ച് റോഡ് നിർമാണം; വിദഗ്ധ സമിതി വീണ്ടും പരിശോധന നടത്തി
text_fieldsമുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചാ0യത്തിലെ ഗോതമ്പറോഡ് തോണിച്ചാലിലെ ക്വാറികളിൽ വിദഗ്ധ സമിതി വീണ്ടും പരിശോധന നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വില്ലേജ് ഓഫിസർ സിജു, പഞ്ചായത്ത് അസി. സെക്രട്ടറി അബ്ദുൽ ഗഫൂർ, വാർഡ് മെംബർ കോമളം തോണിച്ചാൽ, സമരസമിതി അംഗങ്ങൾ തുടങ്ങിയവരാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് ഓഫിസിൽ സമരസമിതിയുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നേരത്തേ നടത്തിയ പരിശോധനയിൽ നൽകിയ നിർദേശങ്ങൾ പൂർണമായി നടപ്പാക്കിയെന്ന് പറയാനാവില്ലെന്നും ചെറിയ മാറ്റങ്ങൾ വരുത്തിയതാണ് ശ്രദ്ധയിൽപെട്ടതെന്നും വില്ലേജ് ഓഫിസർ സിജു പറഞ്ഞു. ക്വാറി അധികൃതർക്ക് കൂടുതൽ നിർദേശങ്ങൾ നൽകിയതായും പരിശോധന റിപ്പോർട്ട് ജിയോളജി വകുപ്പിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ക്വാറികളിൽ കുറെ ക്രമീകരണങ്ങൾ വരുത്തിയെന്നല്ലാതെ തൃപ്തികരമാണെന്ന് പറയാനാകില്ലെന്ന് അസി. സെക്രട്ടറി അബ്ദുൽ ഗഫൂർ പറഞ്ഞു. പരിശോധനയിൽ ബോധ്യപ്പെട്ട കാര്യങ്ങൾ അധികൃതർക്ക് റിപ്പോർട്ട് നൽകുമെന്നും നിലവിലെ സ്ഥിതി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ക്വാറിയിൽ നടത്തിയ മാറ്റങ്ങളിൽ തങ്ങൾ ഒട്ടും തൃപ്തരല്ലെന്നാണ് സമരസമിതി പറയുന്നത്. കാര്യമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർക്കും ബോധ്യപ്പെട്ടതായി സമരസമിതി ചെയർമാൻ ബഷീർ പുതിയോട്ടിൽ പറഞ്ഞു. ഉദ്യോഗസ്ഥരുടെകൂടി റിപ്പോർട്ടനുസരിച്ചായിരിക്കും തുടർ സമരപരിപാടികളെന്നും അദ്ദേഹം പറഞ്ഞു.
കാരശ്ശേരി-കൊടിയത്തൂർ പഞ്ചായത്തുകളിലെ ക്വാറികൾ ബന്ധിപ്പിച്ച് നിർമിക്കുന്ന റോഡിന്റെ ലോഡുകണക്കിന് മണ്ണ് കൂട്ടിയിട്ടതാണ് വൻ അപകട ഭീഷണിയാവുന്നത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് നൂറുകണക്കിന് കുടുംബങ്ങൾക്കും കൃഷിഭൂമിക്കുമുൾപ്പെടെ ഭീഷണിയായി കുന്നോളം ഉയരത്തിൽ ലോഡുകണക്കിന് മണ്ണ് കൂട്ടിയിട്ടത്. ഒരു ചെറിയ മഴ പെയ്താൽ പോലും ഈ മണ്ണ് താഴ്ഭാഗത്തേക്ക് ഒലിച്ചിറങ്ങി വലിയ അപകടങ്ങൾക്ക് കാരണമാവും. മാത്രമല്ല, പ്രദേശത്തെ നിരവധി കുടിവെള്ള സ്രോതസ്സുകൾക്കും ഈ പ്രവൃത്തി വലിയ ഭീഷണിയാണ്. നിലവിൽ നിരവധി ക്വാറികളിലേക്കും ക്രഷർ യൂനിറ്റുകളിലേക്കുമായി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രദേശം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.