വിവാഹ വാർഷികത്തിന് അഗ്നിരക്ഷാസേനക്ക് ജീവൻരക്ഷാ ഉപകരണം സമ്മാനിച്ച് ദമ്പതികൾ
text_fieldsമുക്കം: വിവാഹ വാർഷികദിനത്തിൽ അഗ്നിരക്ഷാസേനക്ക് ജീവൻരക്ഷാ ഉപകരണങ്ങൾ നൽകി ദമ്പതികൾ മാതൃകയായി. മുക്കം - കയ്യിട്ടാപൊയിലിലെ അനിൽകുമാർ- അരുണ ദമ്പതികളാണ് തങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തിന് മുക്കം അഗ്നിരക്ഷാ നിലയത്തിന് ഉപകരണം സമ്മാനിച്ചത്. റോഡപകടങ്ങളിലും മറ്റും നട്ടെല്ലിന് ക്ഷതമേറ്റവരെ സുരക്ഷിതമായി ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള ഹെഡ് ഇമ്മൊബിലൈസർ ആണ് ഇവർ നൽകിയത്.
സ്പൈനൽ കോഡിനും മറ്റും ക്ഷതമേറ്റവരെ കിട്ടിയ വാഹനങ്ങളിൽ വലിച്ചുകയറ്റി കൊണ്ടുപോകുന്നത് രോഗിയുടെ നില കൂടുതൽ വഷളാകാൻ ഇടവരുത്താറുണ്ട്.
റോട്ടറി ക്ലബിൽ നടന്ന ബോധവത്കരണ ക്ലാസിൽ ഈ കാര്യം വിശദീകരിച്ച ശേഷം മുക്കം ഫയർ സ്റ്റേഷനിൽ ഇത്തരം ഉപകരണം ആവശ്യമുള്ളതായി അസി.സ്റ്റേഷൻ ഓഫിസർ എൻ. വിജയൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അനിലും അരുണ ടീച്ചറും ഈ തീരുമാനമെടുത്തത്. റോഡപകടങ്ങൾ ധാരാളം സംഭവിക്കാറുള്ള മലയോര മേഖലയിൽ അഗ്നിരക്ഷാ വിഭാഗത്തിന് ഈ ഉപകരണം അനിവാര്യമായിരുന്നു.
മുക്കം ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അസി. സ്റ്റേഷൻ ഓഫിസറും സേനാംഗങ്ങളും ചേർന്ന് ഉപകരണം ഏറ്റുവാങ്ങി.
സേനാംഗങ്ങൾ ദമ്പതിമാർക്കായി കേക്ക് മുറിച്ച് വിവാഹ വാർഷികാശംസകൾ നേർന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പുറമെ മുക്കം റോട്ടറി ക്ലബ് പ്രസിഡൻറ് ഗംഗാധരൻ മാമ്പറ്റ, ഡോ. തിലക് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.