മുക്കം നഗരസഭയിൽ സി.പി.ഐക്ക് സീറ്റില്ല; എൽ.ഡി.എഫിൽ തർക്കം
text_fieldsമുക്കം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ മുക്കം നഗരസഭയിൽ സി.പി.എം, സി.പി.ഐ ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ അലസിപ്പിരിഞ്ഞു. ഇതോടെ നഗരസഭയിൽ സി.പി.ഐക്ക് സിറ്റില്ലാതായി. മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ സി.പി.ഐ ഇടതുമുന്നണി സഹകരണം ഒഴിവാക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സീറ്റിനെ ചൊല്ലി നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനായി വെള്ളിയാഴ്ച ഇരു പാർട്ടികളുടെയും ജില്ല നേതാക്കൾ തമ്മിൽ നടന്ന ചർച്ചയിലും തീരുമാനമായില്ല.
മുക്കം മുനിസിപ്പാലിറ്റിയിലും കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലുമാണ് രണ്ടു പാർട്ടികളും തമ്മിൽ സീറ്റിനെ ചൊല്ലി തർക്കമുള്ളത്. മുക്കത്ത് രണ്ടു പാർട്ടികളുടെയും നേതൃത്വം ചർച്ച ചെയ്ത് നൽകിയ കരിയാകുളങ്ങര വാർഡിൽ സി.പി.ഐ ജില്ല നേതാവ് മത്സരത്തിനൊരുങ്ങിയപ്പോൾ സി.പി.എം പ്രാദേശിക നേതാക്കൾ എതിർപ്പുയർത്തുകയായിരുന്നു.
അവർ ഒരു ഡി. വൈ.എഫ്.ഐക്കാരനെ സ്ഥാനാർഥിയാക്കുകയും ചെയ്തു. തുടർന്ന് പത്താം ഡിവിഷനിലെ മുത്തേരിയിൽ മറ്റൊരു സീറ്റ് നൽകിയതിനെ തുടർന്ന് സി.പി.ഐ ഒരു എ.ഐ.ടി.യു.സി നേതാവിനെ സ്ഥാനാർഥിയാക്കിയപ്പോൾ സി.പി.എം സിറ്റിങ് കൗൺസിലറെ തന്നെ രംഗത്തിറക്കി. എന്നാൽ, മുസ്ലിം ലീഗി െൻറ കോട്ടയായ ഇരട്ടക്കുളങ്ങര ഡിവിഷനിൽ മത്സരിക്കാനുള്ള നിർദേശം സി.പി.ഐ നിഷേധിച്ചു. ആദ്യം അനുവദിച്ച സീറ്റ് തന്നെ വേണമെന്ന കാര്യത്തിൽ അവർ ഉറച്ചുനിൽക്കുകയാണ്. ഒരു കൈകൊണ്ട് നൽകുകയും മറുകൈകൊണ്ട് തിരിച്ചെടുക്കുകയും ചെയ്യുന്ന സമീപനത്തിലൂടെ സി.പി.എം അപമാനിച്ചിരിക്കുകയാണെന്ന് സി.പി.ഐ നേതാക്കൾ പറഞ്ഞു. അവരെ അനുനയിപ്പിക്കാൻ സി.പി.എം നടത്തിയ അവസാന ശ്രമവും പരാജയപ്പെടുകയായിരുന്നു.
അനുരഞ്ജനശ്രമം പരാജയപ്പെട്ടതോടെ സി.പി.ഐ മുന്നണിയിൽനിന്നു പുറത്താവുന്ന സ്ഥിതിവിശേഷമാണ്. മുക്കം, മണാശ്ശേരി ബ്രാഞ്ച് കമ്മിറ്റി യോഗം അടുത്ത ദിവസം ചേരുന്നതോടെ കാര്യങ്ങൾക്ക് അന്തിമ തീരുമാനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.