മുക്കം നഗരസഭ | കൗൺസിലർമാർ പ്രതിപക്ഷത്തിനൊപ്പം; സി.പി.എമ്മിൽ അസ്വാരസ്യം പുകയുന്നു
text_fieldsമുക്കം: അസി. എൻജിനീയർക്കെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിൽ യോഗത്തിൽ, സ്ഥിരംസമിതി ചെയർപേഴ്‌സൻ ഉൾപ്പെടെ രണ്ട് കൗൺസിലർമാർ പ്രതിപക്ഷത്തിനൊപ്പം ചേർന്ന് വോട്ടു ചെയ്ത സംഭവത്തിൽ സി.പി.എമ്മിൽ അസ്വാരസ്യം.
ഭരണം താങ്ങിനിർത്തുന്ന ലീഗ് വിമതന്റെ അമിതാധികാര പ്രയോഗത്തിൽ പ്രതിഷേധിച്ച് മനഃപൂർവം പ്രതിപക്ഷത്തിനൊപ്പം ചേർന്ന് വോട്ടു ചെയ്യുകയായിരുന്നെന്ന്, വോട്ടു മാറി ചെയ്ത അംഗത്തിന്റെതെന്ന് കരുതുന്ന ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിനു പുറമെ ഭരണത്തിനും ചെയർമാനുമെതിരെ പ്രതിപക്ഷം ഇതു രാഷ്ടീയ ആയുധമാക്കി രംഗത്തിറങ്ങിയിട്ടുമുണ്ട്. എന്നിട്ടും പാർട്ടി നേതൃത്വം അനങ്ങാത്തതിൽ ഒരുവിഭാഗം ജനപ്രതിനിധികളും പ്രവർത്തകരും പ്രതിഷേധത്തിലാണ്.
നഗരസഭയിൽ അധികാരം ഏറ്റതു മുതൽ കൗൺസിലർമാർക്കിടയിൽ നിലനിൽക്കുന്ന അസ്വസ്ഥതകളാണ് ഇപ്പോൾ മറ നീക്കി പുറത്തുവന്നിരിക്കുന്നത്. വർഷങ്ങളായി പഞ്ചായത്തിലും നഗരസഭയിലും അംഗങ്ങളായും മറ്റുസ്ഥാനങ്ങൾ വഹിച്ചും പരിചയമുള്ള വനിത നേതാക്കളെ തഴഞ്ഞ് വൈസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക് പുതുമുഖത്തെ പരിഗണിച്ചതു മുതൽ, ലീഗ് വിമതനു വിധേയപ്പെടുന്നതിലെ വിയോജിപ്പുവരെ നീളുന്നതാണ് സി.പി.എം അംഗങ്ങൾക്കിടയിലെ പടലപ്പിണക്കം. അസി. എൻജിനീയർ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും കേസ് നടപടികളുമായി ബന്ധപ്പെട്ട് ചെയർമാൻ ആവശ്യപ്പെട്ട രേഖകൾ നൽകിയില്ലെന്നും കാണിച്ച് അദ്ദേഹത്തിനെതിരെ നടപടി ചർച്ച ചെയ്യാൻ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രത്യേക കൗൺസിൽ യോഗം ചേർന്നത്.
ഉദ്യോഗസ്ഥനെതിരെ സർവിസ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും സെക്രട്ടറി ഇല്ലാത്ത സാഹചര്യത്തിൽ, സാമ്പത്തിക വർഷാവസാനം എ.ഇയെ മാറ്റുന്നത് പദ്ധതികളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി വെൽഫെയർ പാർട്ടി, യു.ഡി.എഫ് അംഗങ്ങൾ നടപടി നീക്കത്തെ എതിർത്തു. ഇതോടെ അജണ്ട വോട്ടിനിട്ടു. സ്ഥിരംസമിതി ചെയർപേഴ്സൻ പ്രജിത പ്രദീപും മുതിർന്ന അംഗം വളപ്പിൽ ശിവനും പ്രതിപക്ഷത്തോടൊപ്പം ചേർന്ന് നടപടി നീക്കത്തിനെതിരെ കൈ പൊക്കി. ഇതോടെ 14നെതിരെ 16 വോട്ടുകൾക്ക് ഭരണപക്ഷ നീക്കം പരാജയപ്പെടുകയായിരുന്നു.
33 അംഗ കൗൺസിലിൽ 15 അംഗങ്ങളുള്ള സി.പി.എം, ലീഗ് വിമതൻ അബ്ദുൽ മജീദിന്റെ പിന്തുണയോടെയാണ് ഭരണം നടത്തുന്നത്. ലീഗ് വിമതന്റെ മുന്നിൽ നിലപാടുകൾ പണയപ്പെടുത്തി, പാർട്ടി അധികാരത്തിൽ കടിച്ചു തൂങ്ങുകയാണെന്ന ആക്ഷേപമാണ് കൗൺസിലർമാരുടെ പ്രതിഷേധത്തിന് കാരണമായി പറയപ്പെടുന്നത്. തങ്ങളുടെ ഡിവിഷനുകളിൽ പരിമിതമായ ഫണ്ടുകൾ വകയിരുത്തുമ്പോൾ, എം.എൽ.എ ഫണ്ടുൾപ്പെടെ വൻ തുക മജീദ് വിലപേശി വാങ്ങിക്കുകയാണെന്നും അവർക്ക് പരാതിയുണ്ട്. നെല്ലിക്കാപൊയിലിൽ എം.സി.എഫ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സ്ഥിരംസമിതി ചെയർമാൻമാരായ മജീദും പ്രജിതയും കൗൺസിലിൽ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഇതിന്റെയെല്ലാം തുടർച്ചയാണ് പ്രതിപക്ഷത്തോടൊപ്പം ചേർന്ന് വോട്ടു ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് ഒരുവിഭാഗം പറയുന്നത്. മലയോരത്തിന്റെ ആസ്ഥാനമെന്ന നിലക്ക് മുക്കം നഗരസഭയുടെ ഭരണം കൈവിടാതെ ഇലക്കും മുള്ളിനും കേടില്ലാതെ വിഷയം പരിഹരിക്കാനുള്ള തത്രപ്പാടിലാണ് സി.പി.എം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.