നവീകരണത്തിന് ചെലവഴിച്ചത് കോടികൾ; സംസ്ഥാനപാത അപകടപാതയായി
text_fieldsമുക്കം: കോടികൾ ചെലവഴിച്ച് നവീകരണം ഏറക്കുറെ പൂർത്തിയായ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. മുക്കം -അരീക്കോട് റോഡിലാണ് അപകടങ്ങൾ ഏറെ നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി ഒരു കിലോമീറ്ററിനുള്ളിൽ മൂന്ന് അപകടങ്ങളാണ് നടന്നത്. വലിയപറമ്പിൽ വെള്ളിയാഴ്ച രാത്രി ബൈക്ക് ഓട്ടോറിക്ഷയിലിടിച്ചും ശനിയാഴ്ച രാവിലെ കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ ഇടിച്ചുമാണ് അപകടം ഉണ്ടായത്.
നെല്ലിക്കാപറമ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പന്നിക്കോട് സ്വദേശി ഷെമീറിന് വാരിയെല്ലിനും കാലുകൾക്കും ഓട്ടോ ഡ്രൈവർ മലപ്പുറം ജില്ലയിലെ കുനിയിൽ കീഴ്പറമ്പ് സ്വദേശി സുധീഷിന് കാലിന്റെ തുടയെല്ലിനും പരിക്കേറ്റു. വലിയപറമ്പ് പെട്രോൾ പാമ്പിന് സമീപം കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ അരീക്കോട് സ്വദേശി ചന്ദ്രനും പരിക്കേറ്റു. നെല്ലിക്കാപറമ്പിൽ ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ പന്നിക്കോട്- വിമാനത്താവളം റോഡിലാണ് അപകടം നടന്നത്.
കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രികനെ മാമ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന്റെ അശാസ്ത്രീയമായ നിർമാണവും അപകടങ്ങൾക്ക് കാരണമാകുന്നതായി ആരോപണമുണ്ട്.
ചെറിയ മഴ പെയ്താൽ വാഹനങ്ങൾ റോഡിൽ വഴുതുകയാണ്. അതോടൊപ്പം റോഡ് നന്നായതോടെ വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവർമാരുടെയും കാൽനടക്കാരുടെയും അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. അഞ്ചുമാസത്തിനിടെ മുപ്പത്തിയഞ്ചോളം അപകടങ്ങളാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.