സംസ്ഥാനപാത നവീകരണത്തിൽ അപാകത; പ്രവൃത്തി തടഞ്ഞു
text_fieldsമുക്കം: റോഡ് പ്രവൃത്തിയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രവൃത്തി തടഞ്ഞു. എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കത്തിനും അഗസ്ത്യൻമൂഴിക്കുമിടയിൽ ക്രിസ്ത്യൻ പള്ളിയുടെ പരിസരത്തെ ഓവുചാൽ നിർമാണമാണ് തടഞ്ഞത്.
ഓവുചാൽ നിർമാണത്തിലെ അപാകതമൂലം മഴയിൽ സമീപത്തെ കടകളിലും വീടുകളിലും വെള്ളം കയറി നാശങ്ങൾക്ക് ഇടയാക്കിയിരുന്നു. വെള്ളം ഒഴുകാൻ പര്യാപ്തമല്ലാത്തവിധം ഓവുചാൽ നിർമിച്ചതാണ് പ്രശ്നമെന്ന് സമരക്കാർ പറഞ്ഞു. ഓമശ്ശേരി മുതൽ എരഞ്ഞി മാവ് വരെയുള്ള ഭാഗത്ത് ഇത്തരം പ്രശ്നങ്ങളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. റോഡിന്റെ അതിർത്തിയിൽനിന്ന് മാറി ഓവുചാൽ നിർമിച്ചതും ഓവുചാലും സ്ലാബും ആവശ്യത്തിന് സിമൻറും കമ്പിയും ചേർക്കാതെ ഉണ്ടാക്കുന്നതും സംരക്ഷണ ഭിത്തിയുടെ ഉറപ്പില്ലായ്മയുമാണ് പരാതിക്കിടയാക്കിയത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പലതവണ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് പ്രവൃത്തി തടയൽ സമരത്തിനിറങ്ങിയതെന്നും സമരക്കാർ പറഞ്ഞു.
മുക്കം പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തുകയും പി.ഡബ്ല്യൂ.ഡി, കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബുധനാഴ്ച 12ന് ചർച്ച നടത്തി പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരക്കാർ പിരിഞ്ഞുപോയത്. എ.ഐ.വൈ.എഫ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി ഇ.കെ. വിബീഷ് ഉദ്ഘാടനം ചെയ്തു. പി.കെ. രതീഷ്, കെ.ആർ. ഷൈജു, ഇ.സി. സനീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.