വായ്പയെടുത്തിട്ട് സബ്സിഡി ലഭിച്ചില്ല; കേരള ബാങ്കിന് മുന്നിൽ ക്ഷീര കർഷകരുടെ സമരം
text_fieldsമുക്കം: പശു വളർത്തലിന് വായ്പയെടുത്തിട്ട് സബ്സിഡി ലഭിക്കാതെ കബളിപ്പിക്കുന്നതായി ആരോപിച്ച് കേരള ബാങ്ക് മുക്കം ശാഖ ഓഫിസിന് മുന്നിൽ ക്ഷീര കർഷകരുടെ സമരം. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വിസ്മയ സ്വാശ്രയസംഘത്തിലെ കർഷകരാണ് സമരം നടത്തിയത്.
മുരിങ്ങപുറായി ചുടലക്കണ്ടി മുഹമ്മദ്, മകൾ ഷമീമ, സാജിത, ഷൈമ എന്നിവരുടെ പേരിലാണ്, 2018ൽ കാരശ്ശേരി പഞ്ചായത്തിന്റെയും നബാർഡിന്റെയും ജില്ല സഹകരണ ബാങ്കിന്റെയും സഹായത്തോടെ നടപ്പിലാക്കിയ സുസ്ഥിരം പദ്ധതിയിൽ ഉൾപ്പെടുത്തി മുക്കം ശാഖയിൽനിന്ന് വായ്പയെടുത്തത്. ഇപ്പോഴത്തെ കേരള ബാങ്ക് ജില്ല സഹകരണ ബാങ്കായ കാലത്തായിരുന്നു നാലരലക്ഷം രൂപ സംഘം പശുവളർത്തൽ പദ്ധതിക്ക് വായ്പ നൽകിയത്. മാസം 11000 തിരിച്ചടവുള്ള വായ്പക്ക് കൃത്യമായി തിരിച്ചടച്ചാൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ നബാർഡിന്റെ സബ്സിഡി ലഭിക്കുമെന്ന് പറഞ്ഞിരുന്നു.
എന്നാൽ, വായ്പ കൃത്യമായി അടച്ചിട്ടും സബ്സിഡി ലഭിച്ചില്ലെന്നും കേരള ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കർഷകർ പറയുന്നു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. അതേസമയം നിയമവിരുദ്ധമായി ഒരു കുടുംബത്തിലെ ആളുകളെ വെച്ച് ഗ്രൂപ് ഉണ്ടാക്കിയതാണ് സബ്സിഡി ലഭിക്കാത്തതിന് കാരണമെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.