കനത്ത വേനലിൽ കിണർ ശുചീകരണം തകൃതി, അപകടങ്ങൾ പതിവ്
text_fieldsമുക്കം: കടുത്ത വേനലിൽ ജലനിരപ്പ് താഴ്ന്നതോടെ ജില്ലയിൽ കുടിവെള്ള ക്ഷാമവും അതിരൂക്ഷമായി. കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ വെള്ളം പാടെ കുറഞ്ഞതോടെ മിക്ക വീടുകളിലും കിണറുകൾ ശുചീകരിക്കാനും നവീകരിക്കാനം ആരംഭിച്ചു. കിണറിൽ ഇറങ്ങുന്നതിനിടെയുള്ള അപകടങ്ങളും ഇതോടെ വർധിച്ചു. ഒരു സുരക്ഷ മുൻകരുതലുകളും സ്വീകരിക്കാതെ കിണർ വൃത്തിയാക്കാനിറങ്ങുന്നതാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.
മോട്ടോർ പമ്പുകൾ ഉപയോഗിച്ചാണ് ഭൂരിഭാഗം കിണറുകളിൽ നിന്നും വീട്ടാവശ്യങ്ങൾക്ക് ജലമെടുക്കുന്നത്. അതിനാൽ കിണറുകളിൽ വായുസഞ്ചാരം വളരെ കുറവായിരിക്കും. അതിനാൽ, മിക്ക കിണറുകളിലും മനുഷ്യന് ശ്വസിക്കാൻ ആവശ്യമായ ഓക്സിജന്റെ അളവും കുറവായിരിക്കും. ഇതറിയാതെ കിണറ്റിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നതിൽ അധികവും. തക്കസമയത്ത് രക്ഷാപ്രവർത്തനം നടക്കുന്നതുകൊണ്ട് മാത്രമാണ് പലർക്കും ജീവൻതന്നെ തിരിച്ചുകിട്ടുന്നത്.
പ്രാഥമിക സുരക്ഷ മാനദണ്ഡങ്ങൾ പോലും പാലിക്കാതിരിക്കുന്നതാണ് അപകടങ്ങൾ വൻതോതിൽ വർധിക്കാൻ കാരണമെന്ന് മുക്കം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ എം.എ. ഗഫൂർ പറഞ്ഞു. കിണറിൽ ഇറങ്ങാനുള്ള അമിത ആത്മവിശ്വാസവും ചില സമയത്ത് വില്ലനാകാറുണ്ട്. കിണറിൽ ഇറങ്ങുന്നതിനു മുമ്പ് സമീപത്തെ അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിക്കുകയും ശാസ്ത്രീയമായ സുരക്ഷാ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യണം.
കിണർ വൃത്തിയാക്കാൻ ഇറങ്ങി അവശനായ ഗൃഹനാഥനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
മുക്കം: കിണർ വൃത്തിയാക്കാൻ ഇറങ്ങി അവശനായ ഗൃഹനാഥനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. വല്ലത്തായിപാറ പീചാംപൊയിൽ അബൂബക്കർ (49) ആണ് കിണർ നന്നാക്കാനായി സ്വന്തം വീട്ടിലെ 40 അടിയോളം താഴ്ചയുള്ള കിണറിൽ ഇറങ്ങിയത്. തിരിച്ചുകയറാനാവാതെ അവശനായ ഇയാളെ മുക്കം അഗ്നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ പി.കെ. ഭരതന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
ഫയർ ഓഫിസർമാരായ നജുമുദ്ദീൻ ഇല്ലത്തൊടി, പി.പി. ജമാലുദ്ദീൻ, പി. നിയാസ്, കെ.എസ്. ശരത്, കെ. മുഹമ്മദ് ഷനീബ്, സി.എഫ്. ജോഷി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
കിണറിലിറങ്ങും മുമ്പ് ഇവ ശ്രദ്ധിക്കാം
- കിണറ്റിൽ ഇറങ്ങുന്നതിനു മുമ്പ് എല്ലാ ഭാഗത്തും ഓക്സിജൻ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
- ബക്കറ്റിൽ മണൽ നിറച്ച് അതിൽ മെഴുകുതിരി കത്തിച്ചുവെച്ച് കിണറ്റിൽ ഇറക്കിനോക്കുന്നതാണ് ഏറ്റവും ശാസ്ത്രീയമായ മാർഗം. മെഴുകുതിരി കിണറിന്റെ താഴെ എത്തിയിട്ടും കത്തുന്നുണ്ടെങ്കിൽ ഓക്സിജൻ ഉണ്ടെന്നും മെഴുകുതിരി കെട്ടുപോയാൽ ഓക്സിജൻ ഇല്ലെന്നും അനുമാനിക്കാം.
- ഓക്സിജൻ ഇല്ലെങ്കിൽ നിറയെ ഇലകളുള്ള കമ്പ് കയറിൽ കെട്ടി നിരവധിതവണ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക. മുകളിൽനിന്ന് വെള്ളമൊഴിക്കുന്ന രീതി ഫലപ്രദമല്ല.
- ചൂട്ട് കത്തിച്ച് കിണറ്റിലിട്ട ശേഷം കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതും അപകടങ്ങൾക്ക് കാരണമാകും. ചൂട്ട് കത്തിച്ച് കിണറ്റിലിട്ടാൽ കാർബൺഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നീ വാതകങ്ങളുടെ സാന്നിധ്യത്തിന് കാരണമാകും.
- കിണറിൽ ഇറങ്ങുന്ന ആൾ നിർബന്ധമായും ശരീരത്തിൽ കയർ കെട്ടിയിരിക്കണം. അപകടം സംഭവിച്ചാൽ ഇയാളെ പെട്ടെന്നുതന്നെ വലിച്ചുകയറ്റി രക്ഷപ്പെടുത്താൻ ഇത് സഹായിക്കും.
- ഒരാൾ കിണറിലിറങ്ങിയാൽ ഇയാളെ നിരീക്ഷിക്കാൻ മറ്റൊരാൾ നിർബന്ധമായും കിണറിനരികിൽ ഉണ്ടാകണം.
- വർഷങ്ങളായി ഇലകളും മരക്കൊമ്പുകളുമൊക്കെ അടിയുന്നതിനാൽ കിണറിലെ ചളിയിൽ മീഥൈൻ വാതകം ഉണ്ടാകാനും സാധ്യതയുണ്ട്. ഇതും മനുഷ്യന് അപകടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.