ഇ-പോസ് മെഷീൻ പണിമുടക്കി; റേഷൻ വിതരണം ഭാഗികമായി തടസ്സപ്പെട്ടു
text_fieldsപലപ്പോഴും സർവർ തകരാർ പ്രതിസന്ധിയുണ്ടാക്കുന്നതായി റേഷൻ വ്യാപാരികൾ പറയുന്നു
മുക്കം: സർവർ തകരാർ സംഭവിച്ചതിനെ തുടർന്ന് റേഷൻ കടകളിലെ ഇ-പോസ് മെഷീനുകൾ പ്രവർത്തിച്ചില്ല. ഇതോടെ റേഷൻ വിതരണം ഭാഗികമായി തടസ്സപ്പെട്ട് ജനങ്ങൾ വലഞ്ഞു. മുക്കത്തെ കിഴക്കൻ മലയോര പ്രദേശങ്ങളിലെ റേഷൻ കടകളിൽ ഇതുമൂലം രാവിലെ 10 മുതൽ 12.30 വരെ അരി വിതരണം നടത്താനായില്ല. മാസാവസാനമായതിനാൽ റേഷൻ കടകളിൽ അരി വാങ്ങാനെത്തുന്നവരുടെ വൻ തിരക്കനുഭപ്പെട്ടു. അതേസമയം, മുന്നാക്ക വിഭാഗത്തിലെ എ.എ.വൈ (മഞ്ഞക്കാർഡ്) ഉടമകളിലെ പൂജ്യം അക്കത്തിൽ അവസാനിക്കുന്നവർക്ക് ചൊവ്വാഴ്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിപ്പ് നൽകിയിരുന്നു.
ഇത് വാങ്ങാനും ഒട്ടേറെ പേർ രാവിലെ തന്നെ റേഷൻ കടകളിൽ എത്തിയിരുന്നു. പക്ഷേ, കിഴക്കൻ മലയോരങ്ങളിലെ റേഷൻ കടകളിൽ സൗജന്യ ഭക്ഷ്യക്കിറ്റുകൾ എത്തിയതുമില്ല.
ഇങ്ങനെ പല വിഭാഗങ്ങളിലെ ആളുകൾ റേഷൻ കടകളെ സമീപിച്ചതും സർവർ പണിമുടക്കും ജനങ്ങളെ വല്ലാതെ വലച്ചു. മൊബൈൽ ഫോൺ വഴി ഒ.ടി.പി സംവിധാനത്തിലും വിതരണം നടത്താൻ പലയിടത്തും പരിശ്രമിെച്ചങ്കിലും വേണ്ടത്ര വിജയം കണ്ടില്ല. 12.30ഓടെ ഭാഗികമായി പുനഃസ്ഥാപിച്ചു.
പലപ്പോഴും സർവർ തകരാർ പ്രതിസന്ധിയുണ്ടാക്കുന്നതായി റേഷൻ വ്യാപാരികൾ പറയുന്നു. കൈവിരലുകൾ ഇ-പോസ് മെഷീനിൽ പതിയാത്ത പ്രശ്നം പരിഹരിക്കാനായി ഐറിസ് സ്കാനർ മെഷീൻ സ്വന്തമായി വാങ്ങണമെന്ന സർക്കാർ നിർദേശം കടയുടമകൾക്ക് തിരിച്ചടിയാവുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതിന് 8500 രൂപയാണ് മാർക്കറ്റ് വില. ഇത് റേഷൻകട ഉടമകൾ വാങ്ങണമെന്ന സർക്കാർ നിർദേശം കൂടുതൽ ബുദ്ധിമുട്ടാകുമെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.