എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാത; ജനങ്ങളെ വട്ടംകറക്കി സൂചന ബോർഡ്
text_fieldsമുക്കം: നവീകരണ പ്രവൃത്തിക്കെതിരെ വ്യാപകമായി പരാതിയുയർന്ന എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ യാത്രക്കാരെ വട്ടംചുറ്റിക്കും വിധം സൂചന ബോർഡുകളും. മുക്കം അഗസ്ത്യൻ മുഴി അങ്ങാടിയെത്തും മുമ്പേ സ്ഥാപിച്ച സൂചന ബോർഡിൽ നാൽപത് കിലോമീറ്ററിലധികം ദൈർഘ്യമുള്ള കൊയിലാണ്ടിയിലേക്ക് നാലു കിലോമീറ്റർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, അഗസ്ത്യൻമുഴിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ നോർത്ത് കാരശ്ശേരിയിൽ സ്ഥാപിച്ച സൂചന ബോർഡ് പ്രകാരം കൊയിലാണ്ടിക്ക് 45 കിലോമീറ്ററാണ്. അപ്പോൾ അഗസ്ത്യൻമുഴിയിൽനിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാലെത്തുന്ന കൊയിലാണ്ടി ഏതാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് നാട്ടുകാർ പരിഹസിക്കുന്നു.
നോർത്ത് കാരശ്ശേരിയിൽനിന്ന് അഗസ്ത്യൻ മുഴിയിൽ എത്തുമ്പോൾ യാത്രക്കാർ ആശയക്കുഴപ്പത്തിലാകും. അഞ്ച് കിലോമീറ്ററുള്ള തിരുവമ്പാടിയിലേക്കുള്ള ദൂരം സൂചന ബോർഡിൽ മായ്ച്ച നിലയിലാണ്. വരച്ചുതീരുംമുമ്പ് മാഞ്ഞുപോയ റോഡിലെ അടയാള വരകൾ പരാതിയെ തുടർന്ന് വീണ്ടും വരച്ചുകൊണ്ടിരിക്കുകയാണ്. ഓവുപാലങ്ങൾ അപകടക്കെണിയായി തുടരുകയാണ്. റോഡ് നവീകരണം പുരോഗമിക്കുന്നതിനനനുസരിച്ച് അപാകതകളും പരാതികളും വ്യാപകമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.