മുക്കം കേന്ദ്രമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്: മുഖം തിരിച്ച് അധികൃതർ
text_fieldsമുക്കം: കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയുടെ സിരാകേന്ദ്രമായ മുക്കം ആസ്ഥാനമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. 20 വർഷം മുമ്പ് തന്നെ ഈ ആവശ്യമുയർന്നിരുന്നുവെങ്കിലും അധികൃതർ മുഖം തിരിക്കുകയായിരുന്നു. നിലവിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല എംപ്ലോയ്മെൻറ് ഓഫിസിലെത്താൻ മലയോര മേഖലയിലുള്ളവർക്ക് കിലോമീറ്ററുകൾ യാത്ര ചെയ്യണം.
കക്കാടം പൊയിൽ, തോട്ടുമുക്കം, വെണ്ടേക്കും പൊയിൽ, ആനക്കാംപൊയിൽ പൂവാറംതോട്, പ്രദേശവാസികൾക്ക് 40 കിലോമീറ്ററിലേറെ സഞ്ചരിക്കേണ്ട അവസ്ഥയാണ്. മാത്രമല്ല, കെ.എം.സി.ടിയുടെ 12ഓളം സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, മുക്കം എം.എ.എം.ഒ കോളജ്, മുസ്ലിം ഓർഫനേജ്, പ്രധാനപ്പെട്ട പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ തുടങ്ങി നിരവധി പേർ തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കായി ഏറെ ബുദ്ധിമുട്ടുകയാണ്.
25,000ത്തിന് മുകളിൽ ജനസംഖ്യയോ പതിനായിരത്തിന് മുകളിൽ തൊഴിൽ ശക്തിയോ ഉള്ള പ്രദേശങ്ങളിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് അനുവദിക്കാമെന്നിരിക്കെ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയൊന്നും ഉണ്ടാവുന്നില്ല. നേരത്തേ തൊഴിൽ മന്ത്രിക്കും കഴിഞ്ഞ നവകേരള സദസ്സിലും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ ദിവസം എം.എൽ.എ മുഖേന വീണ്ടും സർക്കാറിനെ സമീപിച്ചതായും എൻ.സി.പി സംസ്ഥാന കമ്മറ്റി അംഗം ടി.കെ. സാമി പറഞ്ഞു.
തിരുവമ്പാടി മണ്ഡലത്തിലെ യുവജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.