പഴയ ടയറുകൾ മിനുക്കി; ജീവിതം വിജയത്തിലേക്ക് ഓടിച്ച് പ്രവാസി
text_fieldsമുക്കം: ഒഴിവാക്കിയ റബര്‍ ടയറുകളില്‍ പൂക്കള്‍ വിരിയിച്ച് വിജയക്കുതിപ്പ് നടത്തുകയാണ് ഗോതമ്പറോഡ് സ്വദേശി കൂടമണ്ണില് സക്കീര്‍ ഹുസൈന്. നീണ്ട 30 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ഇദ്ദേഹത്തിന് ഇപ്പോൾ വിശ്രമമില്ല.
പല ബിസിനസുകള്‍ പരീക്ഷിച്ചെങ്കിലും ഒന്നും പച്ചപിടിച്ചില്ല. അങ്ങനെയാണ് പഴയ ടയറുകള്‍ ശേഖരിച്ച് റബര്‍ കുട്ടകള്‍ നിര്‍മിക്കുന്ന ചെറിയ യൂനിറ്റ് ആരംഭിച്ചത്. കച്ചവടം നല്ലരീതിയില്‍ മുന്നോട്ടുപോവുന്നതിനിടയിലാണ് കോവിഡ് വന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതിനാല്‍ കുട്ടകള്‍ വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും സക്കീര്‍ പകച്ചുനിന്നില്ല.
ലോക്ഡൗണില്‍ ജനങ്ങള്‍ കൃഷിയിലേക്കും ചെടിവളര്ത്തലിലേക്കും തിരിഞ്ഞത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് പഴയ ടയര്‍കൊണ്ട് ചെടിച്ചട്ടികള്‍ നിര്‍മിക്കാമെന്ന ആശയം രൂപപ്പെട്ടത്. അങ്ങനെ റബര്‍കൊണ്ട് വിവിധ രൂപങ്ങളിലുള്ള ചെടിച്ചട്ടികള്‍ നിര്‍മിക്കാന്‍ തുടങ്ങി.
വര്‍ഷങ്ങളോളം ഈടുനില്‍ക്കുമെന്നതാണ് ഇതിെൻറ സവിശേഷത. വിവിധ വര്‍ണങ്ങളിലുള്ള ചെടിച്ചട്ടികള്‍ വാങ്ങാന്‍ ധാരാളം ആവശ്യക്കാര്‍ എത്തുന്നുണ്ടെന്ന് സക്കീര്‍ പറയുന്നു. 60 മുതല്‍ 150 രൂപ വരെയുള്ള വ്യത്യസ്ത പൂച്ചട്ടികളാണ് നിര്‍മിക്കുന്നത്. താമരച്ചട്ടി, തുളസിത്തറ തുടങ്ങിയ ചട്ടികള്‍ക്കാണ് ആവശ്യക്കാരേറെ.
പഞ്ചര്‍ കടകളില്‍നിന്നും മറ്റും ശേഖരിക്കുന്ന ഒഴിവാക്കിയ ടയറുകളാണ് ഉപയോഗിക്കുന്നത്. ടയര്‍ ചെത്തുന്നവരും ചെടിച്ചട്ടി ഉണ്ടാക്കുന്നവരുമൊക്കെയായി പത്തോളം കുടുംബങ്ങളുടെ ഉപജീവനമാര്ഗമാണിന്ന് ഈ കുടില്‍ വ്യവസായം. മുക്കം-ഗോതമ്പറോഡിലെ വീടും പരിസരവുമാണ് ഷോറൂമും ഗോഡൗണുമായി പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.