ആറര പതിറ്റാണ്ടിലേറെയായി ഖദർ വസ്ത്രം മാത്രം; വേറിട്ട് മാമ്പൊയിൽ രാഘവൻ നായർ
text_fieldsമുക്കം: കാലത്തിനനുസരിച്ച് രൂപവും വസ്ത്രധാരണരീതിയുമൊക്കെ മാറ്റിക്കൊണ്ടിരിക്കുന്നവർക്കിടയിൽ വസ്ത്രധാരണംകൊണ്ട് വേറിട്ടുനിൽക്കുകയാണ് മുക്കം കുറ്റിപ്പാല സ്വദേശി 88കാരൻ മാമ്പെയിൽ രാഘവൻ നായർ. 68 വർഷമായി ഖദർ വസ്ത്രധാരിയായിട്ടല്ലാതെ രാഘവൻ നായരെ മുക്കത്തുകാർ കണ്ടിട്ടുണ്ടാവില്ല. സ്കൂൾ പഠനകാലത്തുതന്നെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിലും ഗാന്ധിജിയുടെ സ്വദേശി പ്രസ്ഥാനത്തിലുമൊക്കെ ആകൃഷ്ടനായ രാഘവൻ നായർ, 1947ൽ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അതിന്റെ ആഘോഷം കാണാൻ ചാത്തമംഗലത്തെ സ്കൂളിൽനിന്ന് കോഴിക്കോട്ടേക്ക് സഹപാഠികളോടൊപ്പം നടന്നുപോയത് ഇന്നും ഓർക്കുന്നു.
സ്കൂൾ പഠനത്തിന് ശേഷം നടുവണ്ണൂരിൽ പോട്ടറി ട്രെയിനിങ്ങിനു ചേർന്നതോടെയാണ് ഖാദി വസ്ത്രം തന്റെ ശരീരത്തോട് ചേർത്തത്. പിന്നീടത് ഇന്നേവരെ മാറ്റിച്ചിന്തിക്കേണ്ടി വന്നിട്ടില്ല രാഘവൻ നായർക്ക്. 1974ൽ കൊയിലാണ്ടി സ്വദേശിനി ശൈലജയുടെ കഴുത്തിൽ രവിപുരം ക്ഷേത്രത്തിൽവെച്ച് താലികെട്ടി കൂടെ കൂട്ടുമ്പോഴും രാഘവൻ നായരുടെ മണവാളവേഷം ഖദർതന്നെയായിരുന്നു. വസ്ത്രധാരണത്തിൽ ഈ ലാളിത്യം കൈവിടാതെ സൂക്ഷിച്ച ഇദ്ദേഹം ഈയടുത്തകാലം വരെ പാദരക്ഷകളും ധരിക്കാറില്ലായിരുന്നു. ഭക്ഷണം അന്നും ഇന്നും സസ്യാഹാരം മാത്രം. തന്റെ വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും രാഘവൻ നായർതന്നെ. മുക്കം സർവിസ് സഹകരണ ബാങ്കിൽനിന്ന് സെക്രട്ടറിയായി വിരമിച്ച ഇദ്ദേഹം ഇന്ന് വീട്ടിൽ കുടുംബത്തോടൊപ്പം വിശ്രമത്തിലാണ്. ചെറുപ്പത്തിലുണ്ടായിരുന്ന ശീലം പലതും, മനസ്സിൽ കൊണ്ടുനടന്ന രാഷ്ട്രീയം വരെ മാറിയിട്ടുണ്ടെങ്കിലും, ശരീരത്തിൽനിന്ന് മാറാതെ ഖാദി ഇപ്പോഴും രാഘവൻ നായരുടെ കൂട്ടിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.