ഉദ്ഘാടനം കഴിഞ്ഞിട്ട് നാലുമാസം; കാരശ്ശേരിയിലെ വഴിയോര വിശ്രമകേന്ദ്രം അടഞ്ഞുതന്നെ
text_fieldsമുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയോരത്തെ നോർത്ത് കാരശ്ശേരി മാടാംപുറത്ത് നിർമിച്ച വഴിയോര വിശ്രമകേന്ദ്രം (ടേക് എ ബ്രേക്) ഇനിയും തുറന്നുകൊടുത്തില്ല. 45 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാന പാതയോരത്ത് ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയാക്കിയത്. ജൂൺ 14ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നു വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ, നാലുമാസം കഴിഞ്ഞിട്ടും കേന്ദ്രം അടഞ്ഞുകിടക്കുകയാണ്.
സ്ത്രീകൾ, കുട്ടികൾ, തീർഥാടകർ, ഭിന്നശേഷിക്കാർ, ദീർഘദൂര യാത്രക്കാർ തുടങ്ങി എല്ലാവർക്കും ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിലുള്ള അഞ്ചു ശുചിമുറികളും മൂന്നു യൂറിനൽ പോയന്റുകളും വാഷ് ബേസിനുകളും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. മുകളിലത്തെ നിലയിൽ യാത്രക്കാർക്ക് താമസിക്കാൻ ഡോർമിറ്ററി സൗകര്യം, റൂമുകൾ എന്നിവയാണ് ഇനി നിർമിക്കാനുള്ളത്. ഇതിന് ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയിച്ചിരുന്നു. എന്നാൽ, അതിന്റെ നിർമാണ പ്രവർത്തനം ഇനിയും തുടങ്ങിയിട്ടില്ല. വൃത്തിയുള്ള ശുചിമുറികളും ആവശ്യത്തിന് വിശ്രമിക്കാനുള്ള സ്ഥലങ്ങളുമില്ലാതെ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർ വലിയ രീതിയിൽ ദുരിതം നേരിടുമ്പോഴാണ് വിശ്രമകേന്ദ്രം മാസങ്ങളായി അടഞ്ഞുകിടക്കുന്നത്.
നവംബർ ഒന്നു മുതൽ തുറന്നുപ്രവർത്തിക്കും -പഞ്ചായത്ത് പ്രസിഡന്റ്
മുക്കം: മാടാംപുറത്തെ വഴിയോര വിശ്രമകേന്ദ്രം നവംബർ ഒന്നു മുതൽ തുറന്നുപ്രവർത്തിക്കുമെന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത പറഞ്ഞു. വിശ്രമ കേന്ദ്രത്തിലെ റസ്റ്റാറന്റ് നടത്തിപ്പിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ടെൻഡർ നടപടികൾ വൈകിയതു മൂലമാണ് കേന്ദ്രം യാത്രക്കാർക്കായി തുറന്നുകൊടുക്കാൻ കഴിയാതിരുന്നത്. നിലവിൽ ഹരിത കർമ സേനാംഗങ്ങളാണ് വിവിധ ആവശ്യങ്ങൾക്കായി വിശ്രമകേന്ദ്രം ഉപയോഗപ്പെടുത്തുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.