ഗുണ്ട ആക്രമണം; പ്രതികൾക്കായി തിരച്ചിൽ ഊർജിതം
text_fieldsമുക്കം: ഇരുചക്ര വാഹനം കഴുകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സർവിസ് സ്റ്റേഷൻ സ്ഥാപന ഉടമകൾ ഉൾപ്പെടെ മൂന്നു പേരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. ആക്രമണത്തിനിരയായവരുടെ പരാതിയെ തുടർന്ന് തിങ്കളാഴ്ച രാത്രി തന്നെ പ്രതികൾക്കായി അന്വേഷണം നടത്തിയെങ്കിലും പ്രതികൾ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. അക്രമികൾക്കായി ജില്ലയിലും, സമീപ ജില്ലകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ വലയിലാവുമെന്നുമാണ് പൊലീസ് നൽകുന്ന സൂചന.
മുക്കം അഭിലാഷ് ജങ്ഷനിലെ സർവിസ് സ്റ്റേഷൻ ഉടമകളായ കൊടിയത്തൂർ തടായി റുജീഷ് റഹ്മാൻ (26), നെല്ലിക്കാപറമ്പ് പാറമ്മൽ യാസിർ (25), സുഹൃത്ത് വൈശ്യംപുറം സ്വദേശി നഹാസ് (26) എന്നിവർക്കാണ് തിങ്കളാഴ്ച മർദനമേറ്റത്. ഗുണ്ട മോഡൽ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ റുജീഷിനെ മുക്കം സി.എച്ച്.സിയിലും പിന്നീട് മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിെച്ചങ്കിലും ശസ്ത്രക്രിയ ആവശ്യമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നേരത്തെ റുജീഷിനെ മുക്കം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ അക്രമി സംഘം, പ്രശ്നം ഒത്തുതീർപ്പാക്കാനെന്ന വ്യാജേന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി യാസിറിനെയും നഹാസിനെയും മർദിക്കുകയായിരുന്നു . മുക്കം അഭിലാഷ് ജങ്ഷനിൽ പ്രവർത്തിക്കുന്ന 90 ഗാരേജ് സർവിസ് സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
മൂന്ന് ബൈക്കുകളിലായെത്തിയ എട്ടു പേരടങ്ങുന്ന സംഘമാണ് യുവാക്കളെ ക്രൂരമായി മർദിച്ചത്. തിരുവോണദിനത്തിലുണ്ടായ സംഭവങ്ങളുടെ തുടർച്ചയാണ് തിങ്കളാഴ്ച്ച ഉണ്ടായ അക്രമസംഭവമെന്ന് മുക്കം പൊലീസ് പറഞ്ഞു.
അക്രമികളെ പിടികൂടി കർശന നടപടിയെടുക്കണം -വ്യാപാരികൾ
മുക്കം: അഭിലാഷ് ജങ്ഷനിൽ പ്രവർത്തിക്കുന്ന നയൻറിസ് സർവിസ് സ്റ്റേഷനിൽ കയറിയും, മുക്കം ഗവ.ആശുപത്രിയിലെത്തിയും ,സ്ഥാപന ഉടമകൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദിച്ചവരെ പിടികൂടി ശിക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് ആവശ്യപ്പെട്ടു. നിർഭയമായി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് സാഹചര്യവും, സംരക്ഷണവും ഒരുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.സി. നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി റഫീഖ് മാളിക, എം.കെ. സിദ്ദീഖ്, ഗണേഷ് കമ്മത്ത്, നിയാസ് മുഹമ്മദ്, എൻ.കെ.കെ. നൗഷാദ്, മുഹമ്മദാലി ചന്തം, ആലി മയൂരി, പി.പി. ലായിക്കലി, നാസർ സുവർണ, എൻ.എം. ഹാഷിർ , അബ്ദുസ്സലാം, ജാഫർ, പ്രസാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.