വഴിയടച്ചുള്ള നിർമാണമെന്ന് പരാതി, വഴിയോര വിശ്രമകേന്ദ്ര നിർമാണം ഹൈകോടതി തടഞ്ഞു
text_fieldsമുക്കം: സംസ്ഥാന പാതയോരത്ത് അഗസ്ത്യൻമുഴി മിനി സിവിൽ സ്റ്റേഷനു സമീപം മുക്കം നഗരസഭ 'ടേക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി നടത്തുന്ന വഴിയോര വിശ്രമകേന്ദ്രം നിർമാണം ഹൈകോടതി തടഞ്ഞു. വീട്ടിലേക്കുള്ള വഴിയടച്ചുള്ള നിർമാണം തടയണമെന്നാവശ്യപ്പെട്ട് സമീപവാസികൾ നൽകിയ പരാതിയിലാണ് കോടതി നടപടി.
സൗകര്യമില്ലാത്ത സ്ഥലത്ത് വഴിയോര വിശ്രമകേന്ദ്രത്തിന് കെട്ടിടം നിർമിക്കരുതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. സൗകര്യപ്രദമായ ഭാഗത്ത് കെട്ടിടം നിർമിക്കാൻ നഗരസഭക്ക് കോടതി നിർദേശം നൽകി. കെട്ടിടനിർമാണത്തിന് ജില്ല കലക്ടർ നൽകിയ ഉത്തരവും കോടതി റദ്ദാക്കി.
നഗരസഭയുടെ മുൻ ഭരണസമിതിയുടെ കാലത്താണ് കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ സിവിൽ സ്റ്റേഷന് മുൻവശത്ത് 'ടേക് എ ബ്രേക്ക്' പദ്ധതി പ്രകാരം കെട്ടിടം പണിയാൻ തീരുമാനമെടുത്തത്. ഇത് വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ശ്രീജയൻ, ബിന്ദു, രജനി എന്നിവർ പരാതിയുമായെത്തി.
ഇവർ കെട്ടിട നിർമാണത്തിനെതിരെ നഗരസഭ സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ്, കലക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും പരിഹാരമായില്ല. തുടർന്ന് ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി കെട്ടിട നിർമാണം സ്റ്റേ ചെയ്യുകയും പരാതിക്കാരുടെ ആക്ഷേപം പരിഹരിച്ച് തീരുമാനമെടുക്കാൻ നഗരസഭയോട് നിർദേശിച്ച് ഉത്തരവിടുകയും ചെയ്തു. എന്നാൽ നഗരസഭ ഹിയറിങ് നടത്തിയെങ്കിലും ഏകപക്ഷീയമായി പ്രസ്തുത സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനമെടുക്കുകയും തറക്കല്ലിടുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് പരാതിക്കാർ പൊതുമരാമത്ത് വകുപ്പ്, കലക്ടർ എന്നിവർക്ക് വീണ്ടും പരാതി നൽകി. നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് വീണ്ടും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനിടെ കോടതി നിർദേശം മറികടന്ന് കൗൺസിലറുടെ കത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭ കെട്ടിട നിർമാണം ആരംഭിച്ചതിനെതിരെ, കോൺഗ്രസ് മുക്കം മണ്ഡലം കമ്മിറ്റിയും രംഗത്തിറങ്ങുകയും പ്രവൃത്തി തടയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഹൈകോടതി സ്റ്റേ ഉളള സ്ഥലത്ത് നിർമാണം നടത്താൻ പാടില്ലെന്ന് പൊലീസ് നിർദേശിച്ചു. എന്നാൽ രാഷ്ട്രീയ-ഭരണസ്വാധീനം ഉപയോഗിച്ചും തെറ്റിദ്ധരിപ്പിച്ചും നിർദിഷ്ട സ്ഥലത്ത് നിർമാണം നടത്താൻ കലക്ടറെ കൊണ്ട് ഉത്തരവു പുറപ്പെടുവിക്കുകയും നിർമാണവുമായി മുന്നോട്ടു പോവുകയുമായിരുന്നു. ഈ ഉത്തരവ് ഉൾപ്പെടെയാണ് ഇപ്പോൾ ഹൈകോടതി സ്റ്റേ ചെയ്തതെന്ന് പരാതിക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.