അംഗൻവാടി ജീവനക്കാരുടെ നിയമനത്തിലെ അപാകത: കൗൺസിലർമാരുടെ ഉപരോധം സംഘർഷത്തിൽ കലാശിച്ചു
text_fieldsമുക്കം: നഗരസഭയിൽ അംഗൻവാടി ഹെൽപർ, വർക്കർ നിയമനത്തിൽ ക്രമക്കേടും പക്ഷപാതിത്വവും ആരോപിച്ച് വെൽഫെയർ പാർട്ടി യു.ഡി.എഫ് കൗൺസിലർമാർ മുക്കം ഐ.സി.ഡി.എസ് ഓഫിസിന് മുന്നിൽ പ്രതിഷേധസമരം നടത്തി. പ്രതിഷേധത്തിന് നേരെ നടന്ന പൊലീസിന്റെ ബലപ്രയോഗം സംഘർഷം തീർത്തു. ബുധനാഴ്ച ഉച്ചയോടെ ഐ.സി.ഡി.എസ് ഓഫിസ് ഉപരോധിച്ച കൗൺസിലർമാർ വൈകീട്ട് അഞ്ചു മണിയായിട്ടും ജീവനക്കാരെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. ഇതോടെ പൊലീസെത്തി കൗൺസിലർമാരെ ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. നഗരസഭ കൗൺസിലർമാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പ്രമോഷൻ ലിസ്റ്റിൽനിന്ന് 25 ശതമാനം നിയമനം നടത്തണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽപറത്തി സ്വന്തക്കാരെ തിരുകിക്കയറ്റുകയാണുണ്ടായതന്നും സീനിയോറിറ്റി ലിസ്റ്റ് നിലനിൽക്കവെ സെലക്ഷൻ ലിസ്റ്റ് ഉണ്ടാക്കിയതിലും രാഷ്ട്രീയപരിഗണന മാത്രമായിരുന്നു മാനദണ്ഡമെന്നും ആരോപിച്ചായിരുന്നു സമരം. ഇന്റർവ്യൂ ബോർഡിലിരുന്നവർപോലും ജോലിയിൽ പ്രവേശിച്ചത് വിരോധാഭാസമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കഴിഞ്ഞദിവസം ഈ ആരോപണമുന്നയിച്ച് നടത്തിയ സമരത്തെ തുടർന്ന് ജില്ല ഓഫിസറുമായി ചർച്ച നടത്തുകയും തിങ്കളാഴ്ചക്കകം പരിഹാരമുണ്ടാവുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
എന്നാൽ, ഒരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ് ബുധനാഴ്ച വീണ്ടും ഉപരോധം സംഘടിപ്പിച്ചത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കൗൺസിലർമാർ മുക്കത്ത് പ്രകടനവും നടത്തി. വരുംദിവസങ്ങളിലും സമരം ശക്തമായി തുടരുമെന്നും കൗൺസിലർമാർ പറഞ്ഞു. ഉപരോധസമരത്തിന് കൗൺസിലർമാരായ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, അബു മുണ്ടുപാറ, എം. മധു, യാസർ, ഗഫൂർ, കൃഷ്ണൻ വടക്കയിൽ, റുബീന, റംല, ബിന്നി മനോജ്, സക്കീന, വസന്തകുമാരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.