ലാളനയുടെ ഓർമച്ചിത്രമെടുത്തുവെച്ച് സാഹിറ
text_fieldsവെള്ളിമാടുകുന്ന്/മുക്കം: പത്തുമാസം പ്രായമായ മകനെ മൂത്ത മകൻ ഒക്കത്തെടുത്ത ഫോട്ടോ ബന്ധുക്കൾക്ക് അയച്ചുകൊടുത്തപ്പോൾ സാഹിറ ബാനു ഓർത്തിട്ടുണ്ടാവില്ല തീരാവേദനയുടെ ഓർമച്ചിത്രമാകുമതെന്ന്. മൂത്തമകൻ ലഹൻ ഇളയവനെ ലാളിക്കുന്നതുകണ്ട് കൊതിതീരാതിരുന്ന സാഹിറ പല മുഹൂർത്തങ്ങളും തെൻറ കാമറയിൽ പകർത്തിയിരുന്നു. ദുബൈ വിമാനത്താവളത്തിൽ യാത്രയാക്കാനെത്തിയ ഭർത്താവിനെ തിരിച്ചയച്ചശേഷം മക്കളുടെ ഏറെ ഫോട്ടോയെടുത്ത് ബന്ധുക്കൾക്ക് അയച്ചുനൽകിയ സാഹിറയും ഇളയ കുഞ്ഞും മരിച്ചെന്ന് വിശ്വസിക്കാൻ ബന്ധുക്കൾക്കാവുന്നില്ല.
മുക്കം കക്കാട് സ്വദേശിനിയായ സാഹിറ ബാനു വിവാഹശേഷമാണ് ദുബൈയിലേക്ക് ഭർത്താവ് മുഹമ്മദ് നിജാസിനോടൊപ്പം പോയത്. പത്തു വർഷത്തോളം ഭർത്താവിനൊപ്പം അവിടെ കഴിഞ്ഞ സാഹിറ, കടവ് സംഘടനയുടെ പ്രവർത്തകയെന്ന നിലയിൽ സംഘാടക റോളിലും തിളങ്ങി. ദുബൈയിൽ താമസമാക്കാനായിരുന്നു തീരുമാനമെങ്കിലും ഭർതൃപിതാവിനും മാതാവിനും പ്രായമേറി വരുന്നതിനാൽ താനും മക്കളും ഭർതൃവീടുള്ള വെള്ളിമാടുകുന്നിലേക്ക് തിരിച്ചുപോകാമെന്ന അഭിപ്രായം നിജാസിനെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു.
ആയുർവേദ ഫാർമസി കോഴ്സ് കഴിഞ്ഞതിനാൽ സർക്കാർ ജോലിക്കുള്ള ശ്രമവും നടത്താമെന്ന ആഗ്രഹവുമായാണ് നാട്ടിലേക്ക് മടങ്ങിയത്. മൂത്ത മകൻ ലഹനും മകൾ മറിയ ബിൻത് മുഹമ്മദിനും ദുബൈ വിട്ടുപോരുന്നതിൽ തീരെ താൽപര്യമില്ലായിരുന്നുവെങ്കിലും നാട്ടിലെ സൗകര്യങ്ങളെക്കുറിച്ച് മക്കളെ നിരന്തരം പറഞ്ഞ് മനംമാറ്റം വരുത്തുകയായിരുന്നു. ഒരുതവണ പി.എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ തനിക്ക് ജോലി ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലുമായിരുന്നു സാഹിറ. ദുബൈയിൽനിന്ന് മുഹമ്മദ് നിജാസ് 8.30ഓടെ കരിപ്പൂരിലെത്തിയ ശേഷം ഇരുവരുടെയും മൃതദേഹം വെള്ളിമാട്കുന്ന് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഇന്നലെ രാത്രി 11ന് ഖബറടക്കി. പിതാവ്: റിട്ട. പ്രധാന അധ്യാപകൻ മുഹമ്മദലി. മാതാവ്: സക്കീന. സഹോദരങ്ങൾ: സഫീറ (ഫാർമസിസ്റ്റ്, ഹോമിയോ ഡിസ്പെൻസറി, എളമരം), ഡോ. സജാദ് ഹുസൈൻ, ഡോ. സറാഫത്തലി, ഡോ. ഷെറിൻ തസ്നിം, ഷാദ് അബ്ദുല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.