കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാര നിറവിൽ മുക്കം സലീം
text_fieldsമുക്കം സലീം
മുക്കം: കേരള സംഗീത നാടക അക്കാദമിയുടെ 2024ലെ ഗുരുപൂജ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് മുക്കത്തിന്റെ സ്വന്തം കലാകാരൻ മുക്കം സലീം. 40 വർഷത്തിലധികമായി കലാരംഗത്ത് നടത്തിയ സമർപ്പണത്തിന്റെ അംഗീകാരമായിട്ടാണ് മൃദംഗ വിഭാഗത്തിൽ 2024ലെ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചത്. 12 വയസ്സ് മുതൽ പ്രഫഷനലായി സ്റ്റേജുകളിൽ മൃദംഗവായന ആരംഭിച്ച മുക്കം സലീം മൃദംഗത്തിന് പുറമെ തബല, ഹാർമോണിയം എന്നിവയും വായിക്കും.
40 വർഷത്തെ കലാജീവിതത്തിൽ ആയിരക്കണക്കിന് വേദികളിൽ മുക്കം സലീം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കലാമണ്ഡലം ഹൈദരലി, ഹരിപ്പാട് കെ.പി.എൻ പിള്ള, കാഞ്ഞങ്ങാട് രാമചന്ദ്രൻ, സംഗീതസംവിധായകൻ ശരത് തുടങ്ങിയ പ്രമുഖരുടെ കൂടെ നിരവധി കച്ചേരികളിൽ മൃദംഗം വായിച്ചിട്ടുണ്ട്. പാറശ്ശാല രവി, ഭാസ്കരദാസ് കോഴിക്കോട് എന്നിവരാണ് തന്റെ പ്രധാന ഗുരുക്കളെന്നും പുരസ്കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും പുരസ്കാരം തന്റെ നാടായ മുക്കത്തിനും കുടുംബത്തിനും ഗുരുക്കന്മാർക്കും സമർപ്പിക്കുകയാണെന്നും മുക്കം സലീം പറഞ്ഞു.
പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളജിൽനിന്ന് മൃദംഗത്തിൽ ഗാനഭൂഷണം ഒന്നാം ക്ലാസോടെ വിജയിച്ച മുക്കം സലീം ഗവ. സ്വാതി തിരുനാൾ സംഗീത കോളജിൽനിന്ന് മൃദംഗത്തിൽ ഗാനപ്രവീണയിലും ഒന്നാംക്ലാസോടെയാണ് വിജയിച്ചത്. നാടകനടനും നൃത്താധ്യാപകനുമായിരുന്ന സി. അലവി മാഷിന്റെയും സൈനബയുടെയും ഏക മകനായ സലീമിന്റെ മൂന്നു പെൺമക്കളും കലാരംഗത്തെ മികച്ച നേട്ടങ്ങൾ നേടിയവരാണ്. മൂത്തവളായ സുഹാന സലീം ഭരതനാട്യത്തിൽ പിഎച്ച്.ഡിയും രണ്ടാമത്തെ മകൾ നാഷിത സലിം വീണയിൽ എം.എയും, ചെറിയ മകൾ ലിയാന സലീം വയലിനിൽ എം.എയുമാണ്.
ഗസൽ ആൽബങ്ങൾക്ക് സംഗീതം നൽകുകയും തബല വായിക്കുകയും ആൽബങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മധുചന്ദ്രലേഖ, മാധവിയം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. മലപ്പുറം ജില്ലയിലെ ഒഴുകൂർ ക്രസന്റ് സ്കൂളിൽനിന്ന് സംഗീതാധ്യാപകനായി വിരമിച്ച മുക്കം സലീം ആകാശവാണി ഗ്രേഡഡ് ആർട്ടിസ്റ്റ് കൂടിയാണ്. ഭാര്യയും മൂന്നുമക്കളും അടങ്ങുന്ന കുടുംബം ലയനം സ്കൂൾ ഓഫ് ഫൈൻ ആർട്സ് സംഗീത വിദ്യാലയം നടത്തിവരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.