കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത നവീകരണം, അപാകതകളേറെ
text_fieldsമുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത നവീകരണ പ്രവൃത്തി ഏറക്കുറെ പൂർത്തിയായെങ്കിലും അപാകതകൾക്ക് ഒരു കുറവുമില്ല. കിലോമീറ്ററിന് നാലുകോടിയിലധികം മുടക്കിയാണ് നവീകരണം. എന്നാൽ, അശാസ്ത്രീയമായാണ് നിർമാണമെന്നാണ് വ്യാപക ആരോപണം. ഓമശ്ശേരിക്കും എരഞ്ഞിമാവിനുമിടയിലുള്ള ഭാഗം സംബന്ധിച്ചാണ് ഏറ്റവും കൂടുതൽ പരാതി ഉയർന്നിരിക്കുന്നത്.
കരാർ കമ്പനിയുടെ സൈറ്റ് ഓഫിസിന് തൊട്ടു മുന്നിൽവരെ റോഡ് വീണ്ടും താഴ്ന്നിരിക്കുകയാണ്. മുക്കം ടൗണിൽ സിഗ്നലിന് സമീപം, കറുത്തപറമ്പ് , ഓമശ്ശേരി ടൗൺ, കാപ്പുമല വളവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം യാത്രക്കാർക്ക് വലിയ ദുരിതമാണ്. അരീക്കോട് ഭാഗത്തുനിന്ന് വരുന്ന ഇരുചക്രവാഹന യാത്രക്കാർ കറുത്ത പറമ്പിലെത്തിക്കഴിഞ്ഞാൽ വാഹനത്തിന് പുളച്ചിൽ അനുഭവപ്പെടുന്നതായി യാത്രക്കാർ പറയുന്നു. കരാർ കമ്പനിയുടെ സൈറ്റ് ഓഫിസിന് മുന്നിൽ നേരത്തേ 500 മീറ്ററോളം ഭാഗം താഴ്ന്ന് പോയിരുന്നു.
ഇത് പിന്നീട് പരിഹരിച്ചെങ്കിലും ചില സ്ഥലങ്ങളിൽ റോഡ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. ഓടത്തെരുവിലും ഇങ്ങനെതന്നെയാണ്. മുക്കം ടൗണിൽ സിഗ്നലിന് സമീപം മീഡിയനോട് ചേർന്ന് വരമ്പ് രൂപപ്പെട്ട അവസ്ഥയിലാണ്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാവും.
കാപ്പുമല വളവിൽ നേരത്തേ റോഡ് താഴ്ന്ന ഭാഗത്തും യാത്രക്കാർക്ക് സുഖയാത്രയല്ല. ഓമശ്ശേരി ടൗണിൽ പലയിടത്തും പ്രവൃത്തി പാതിവഴിയിൽ നിർത്തിയപോലെയാണ്. ഓമശ്ശേരിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കരാർ കമ്പനിയുടെ സൈറ്റ് ഓഫിസ് ഉപരോധിച്ചിരുന്നു. റോഡ് പ്രവൃത്തിക്കെതിരെ നേരത്തേയും നിരവധി പരാതികൾ ഉയർന്നിരുന്നു.
അശാസ്ത്രീയമായ ഓവുചാൽ നിർമാണം, പ്രവൃത്തിയുടെ ഗുണനിലവാരക്കുറവ്, പൊതുമരാമത്ത് സ്ഥലം സ്വകാര്യ വ്യക്തികൾക്ക് വിട്ടുകൊടുത്ത് അതിരിൽനിന്ന് ഒരു മീറ്റർവരെ ഉള്ളിലേക്ക് നീക്കിയുള്ള റോഡ് നിർമാണം, ഇതുമൂലമുള്ള റോഡിന്റെ വീതിക്കുറവ്, അശാസ്ത്രീയമായി റോഡ് ഉയർത്തിയ സ്ഥലങ്ങളിലെ വെള്ളക്കെട്ട്, ഗുണനിലവാരമില്ലാത്ത നിർമാണ സാമഗ്രികൾ ഉപയോഗിച്ചുള്ള റോഡ് നിർമാണം, കോൺക്രീറ്റ് സ്ലാബുകളുടെ ഉറപ്പു കുറവും പൊട്ടലും, ഉൾപ്പെടെയുള്ള പരാതികളും നേരത്തേ ഉയർന്നുവന്നതാണ്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം നടക്കുന്നത്. കൊയിലാണ്ടി- പൂനൂർ, പൂനൂർ- ഓമശ്ശേരി, ഓമശ്ശേരി- എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളുടെ നിർമാണത്തിനാണ് 222 കോടി രൂപയുടെ കരാർ നൽകിയത്.
ആവശ്യമായ വീതി ലഭ്യമാകുന്ന ഇടങ്ങളിൽ 12 മീറ്റർ കാര്യേജ് വേ ആയി അത്യാധുനിക സൗകര്യങ്ങളോടെയാണ് റോഡ് പുനർനിർമാണം നടക്കുകയെന്നും വ്യക്തമാക്കിയിരുന്നു.
കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണവും പരിപാലനവും, ഓവുചാലുകൾ, ടൈൽ വിരിച്ച ഹാന്റ്റെയിലോടു കൂടിയ നടപ്പാതകൾ, പ്രധാന ജങ്ഷനുകളുടെ സൗന്ദര്യവത്കരണം, തെരുവുവിളക്കുകൾ തുടങ്ങി അത്യാധുനിക സംവിധാനത്തോടെയാണ് റോഡ് നിർമാണമെന്നാണ് ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നത്. എന്നാൽ, ഇവയൊന്നും പാലിക്കപ്പെടുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.