അവധിക്കാല യാത്രക്കാരെ ദുരിതത്തിലാക്കി കെ.എസ്.ആർ.ടി.സിയുടെ പുതിയ പരിഷ്കാരം
text_fieldsമുക്കം: ക്രിസ്മസ്, പുതുവത്സര അവധിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ യാത്രക്കാരെ ദുരിതത്തിലാക്കി കെ.എസ്.ആർ.ടി.സിയുടെ പുതിയ പരിഷ്കാരം. ഒരു കിലോമീറ്റർ 35 രൂപയെങ്കിലും വരുമാനമില്ലാത്ത സർവിസുകൾ നിർത്തലാക്കാനുള്ള തീരുമാനമാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ജില്ലയിലെ വിവിധ സർവിസുകളെ ഇത് ബാധിക്കും.
യാത്രക്കാരുടെ കൂട്ടായ്മകൾ ഇടപെട്ടതിനെ തുടർന്നാണ് കോവിഡിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന താമരശ്ശേരി- പെരിന്തൽമണ്ണ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് പുനരാരംഭിച്ചത്. എന്നാൽ, പുതിയ പരിഷ്കരണം മൂലം പുതുതായി തുടങ്ങിയ സർവിസുകൾ പോലും നിർത്തിവെക്കാൻ കാരണമാകുന്നതായി യാത്രക്കാർ ആരോപിക്കുന്നു.
വടകര ഡിപ്പോയിൽനിന്ന് ഒരു മാസം മുമ്പ് ആരംഭിച്ച വടകര- കൊയിലാണ്ടി- ബാലുശ്ശേരി- താമരശ്ശേരി- മുക്കം- അരീക്കോട്- മഞ്ചേരി- റൂട്ട് വഴി പാലക്കാടേക്കുള്ള 02.50 ന്റെ വടകര -പാലക്കാട് സർവിസ്, പെരിന്തൽമണ്ണ വഴിയുള്ള മറ്റൊരു സർവിസ്, 04.50ന്റെ മേലാറ്റൂർ വഴിയുള്ള വടകര- പാലക്കാട് സർവിസ് എന്നിവ പരിഷ്കാരത്തിന്റെ ഭാഗമായി നിർത്തിവെച്ചു.
കെ.എസ്.ആർ.ടി.സി ഇല്ലാത്ത റൂട്ടിലൂടെ ആരംഭിച്ച വടകര ഡിപ്പോയുടെ പുതിയ സർവിസുകൾക്ക് പരിഷ്കാരം വലിയ തിരിച്ചടിയാണ് നൽകിയത്. ഉള്ളിയേരി- ബാലുശ്ശേരി- താമരശ്ശേരി റൂട്ടിലുള്ളവർക്ക് മുക്കം, അരീക്കോട്, മഞ്ചേരി എന്നിവിടങ്ങളിൽ എത്തിച്ചേരാനും തിരിച്ചുമുള്ള സർവിസുകളാണ് ഇതുമൂലം യാത്രക്കാർക്ക് നഷ്ടമായത്.
അതേപോലെ താമരശ്ശേരി- പെരിന്തൽമണ്ണ റൂട്ടിൽ മണ്ണാർക്കാട് ഡിപ്പോ പുതുതായി ആരംഭിച്ച 06.20 മണ്ണാർക്കാട്- മാനന്തവാടി സർവിസ്, താമരശ്ശേരി ഡിപ്പോയുടെ 07.35 നുള്ള താമരശ്ശേരി- എറണാകുളം സർവിസ്, ബത്തേരി ഡിപ്പോയുടെ 05.55 ന്റെ സുൽത്താൻ ബത്തേരി- ത്രിശൂർ സർവിസ് എന്നിവയൊന്നും ഒരു മാസമായി ഓടുന്നില്ല.
താമരശ്ശേരി ഡിപ്പോയിൽ നിന്ന് അതി രാവിലെയുള്ള പാണ്ടിക്കാട്- മേലാറ്റൂർ വഴി പാലക്കാട്ടേക്കുള്ള സർവിസും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൊട്ടാരക്കരയിൽനിന്ന് പെരിന്തൽമണ്ണ- താമരശ്ശേരി റൂട്ടിൽ ഓടുന്ന ബത്തേരി എസ്.ഡി.എൽ.എക്സ് സർവിസ് മറ്റു മേഖലയിൽ ഓടാൻ വേണ്ടി കാൻസൽ ചെയ്തു. ക്രിസ്മസ്, പുതുവർഷ അവധികൾ തുടങ്ങാനിരിക്കെ ഇത്രയും സർവിസുകൾ നിർത്തിവെക്കുന്നത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കും.
ജനങ്ങൾ ഈ സർവിസുകളെ കുറിച്ച് അറിയാത്തത് മൂലമാണ് കെ.എസ്.ആർ.ടി.സിക്ക് നഷ്ടത്തിൽ ഓടേണ്ടി വരുന്നതെന്നും ജനപ്രതിനിധികളുടെയും യാത്രക്കാരുടെ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സർവിസുകൾ പുനരാരംഭിക്കാൻ ആവശ്യമായി നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാരുടെ പ്രതിനിധി സംഘടന ഭാരവാഹികളായ അനൂപ് ജനാർദനൻ, അനീസ് കെ. ബാസിത് തോട്ടുമുക്കം, എം. ഉസ്മാൻ, അമൽജിത് സണ്ണി, കെ.പി. മുനവ്വിർ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.