കുന്നമംഗലം ബ്ലോക്ക് എസ്.സി.ഡി.ഒ തസ്തിക ഒഴിഞ്ഞുകിടക്കുന്നു; പട്ടികജാതി പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതായി പരാതി
text_fieldsമുക്കം: കുന്നമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ (എസ്.സി.ഡി.ഒ) തസ്തിക ഒഴിഞ്ഞുകിടക്കുന്നതുമൂലം തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികജാതി പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതായി പരാതി. ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും പട്ടികജാതി വികസന പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തി അനുമതി നൽകേണ്ടത് കുന്നമംഗലം ബ്ലോക്ക് എസ്.സി.ഡി.ഒ ആണ്. മൂന്ന് മാസത്തിലേറെയായി തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകൾക്ക് എസ്.സി കോളനികളിലേക്കുള്ള റോഡ് നിർമാണം അടക്കം പ്രവർത്തനങ്ങൾക്ക് ഫീസിബിലിറ്റി ലഭിക്കാത്ത അവസ്ഥയാണ്.
പട്ടികജാതി മേഖലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് എസ്.സി.ഡി.ഒയുടെ പരിശോധന റിപ്പോർട്ട് നിർബന്ധമാണ്. തസ്തിക ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ നിലവില്‍ കൊടുവള്ളി ബ്ലോക്കിലെ പട്ടികജാതി വികസന ഓഫിസര്‍ക്കാണ് കുന്നമംഗലത്തിന്റെ ചുമതലയുള്ളത്. രണ്ടു ബ്ലോക്കുകളിലെയും മുഴുവൻ പഞ്ചായത്തുകളിലെയും കൊടുവള്ളി, മുക്കം നഗരസഭകളിലെയും പട്ടികജാതി മേഖലയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തി ഫീസിബിലിറ്റി നല്‍കേണ്ട ചുമതല ഈ ഒരൊറ്റ ഉദ്യോഗസ്ഥനാണ്.
ഇത്രയുമധികം തദ്ദേശ സ്ഥാപനങ്ങളിലെത്തി പദ്ധതികൾ പരിശോധിക്കാൻ ഒരാൾക്ക് അത്ര എളുപ്പമല്ല. ഇത് കാരണം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എസ്.സി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പ്രയാസം നേരിടുകയാണ്. മുക്കം നഗരസഭയിൽ മാത്രം 15 ലേറെ പദ്ധതികൾക്ക് ഇത്തരത്തിൽ ഫീസിബിലിറ്റി ലഭിക്കാനുണ്ടെന്ന് നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.
ബ്ലോക്ക് പട്ടികജാതി വികസന ഓഫിസറുടെ തസ്തിക നികത്താനാവശ്യമായ നടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. തസ്തിക നികത്താൻ അടിയന്തര നടപടി ആവശ്യപ്പെട്ട് നഗരസഭ ചെയര്മാന് മന്ത്രി ഒ.എ. കേളുവിനും ലിന്റോ ജോസഫ് എം.എൽ.എക്കും നിവേദനം നൽകിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.