ജലസ്രോതസ്സുകൾക്ക് സമീപം കക്കൂസ് മാലിന്യം തള്ളി
text_fieldsമുക്കം: നഗരസഭയിലെ മുത്തേരിയിൽ കുടിവെള്ള സ്രോതസ്സുകൾക്ക് സമീപം സാമൂഹികവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. മുത്താലം റോഡിൽ മുത്തേരി കുടിവെള്ള പദ്ധതിക്കും നിരവധി പേർ ആശ്രയിക്കുന്ന തോടിനും അരികിലാണ് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളിയത്. ദുർഗന്ധം പരന്നതോടെ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയത് ശ്രദ്ധയിൽപെട്ടത്.
ശക്തമായ മഴപെയ്താൽ കുടിവെള്ളപദ്ധതിയുടെ കിണറ്റിലേക്കും തൊട്ടടുത്ത വീടുകളിലെ കിണറ്റിലേക്കും കുടിവെള്ള പദ്ധതിക്കായി ആശ്രയിക്കുന്ന തോട്ടിലേക്കും മാലിന്യം കലരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നേരത്തെയും മുത്തേരി മുതൽ വട്ടോളി പറമ്പ് വരെയുള്ള പ്രദേശത്തെ റോഡരികിൽ മാലിന്യങ്ങൾ തള്ളിയിരുന്നു.
ഒരാഴ്ച മുമ്പ് മുക്കം നഗരസഭയിലെ കുറ്റിപ്പാല അയ്യപ്പക്ഷേത്രത്തിന് സമീപവും കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതിനെതിരെ നഗരസഭ അധികൃതർക്കും പൊലീസിനും പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. മലയോരത്തെ വിവിധ മേഖലകളിൽ മഞ്ഞപ്പിത്തമുൾപ്പെടെ സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സാമൂഹികവിരുദ്ധ പ്രവൃത്തികൾ തുടർക്കഥയാകുന്നത്. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.