കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിൽ നരകജീവിതം
text_fieldsമുക്കം: ‘ഇത് കണ്ടോ സാറേ, വർഷങ്ങളായി ഞങ്ങൾ കഴിയുന്നത് ഇവിടെയാണ്. മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ ഞങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഈ ദുരിതത്തിൽനിന്ന് കരകയറ്റാൻ ഞങ്ങൾ മുട്ടാത്ത വാതിലുകളില്ല. പക്ഷെ, അവരാരും തിരിഞ്ഞുനോക്കുന്നില്ല’’ -മുക്കം നഗരസഭയിലെ കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ വീട്ടമ്മയുടെ വാക്കുകളാണിത്. നിരവധി കുടുംബങ്ങളാണ് കോളനിയിൽ ദുരിതജീവിതം നയിക്കുന്നത്.
30 വർഷം മുമ്പ് സംസ്ഥാന ഭവനനിർമാണ ബോർഡ് മിച്ചഭൂമിയിൽ നിർമിച്ചുനൽകിയ 50ഓളം വീടുകളാണ് ഇവിടെയുള്ളത്. വെറും രണ്ടര മീറ്റർ മാത്രം ഉയരവും നാലുമീറ്റർ നീളവും രണ്ടര മീറ്റർ വീതിയുമുള്ള ഒരു മുറിയും അതിന്റെ നാലിലൊരു ഭാഗം മാത്രമുള്ള ഒരു അടുക്കളയും.
ഇതിലാണ് ഓരോ കുടുംബവും രാവും പകലും തള്ളിനീക്കുന്നത്. ചിലരൊക്കെ തകരഷീറ്റുകൊണ്ട് മേഞ്ഞ് അൽപം വലുപ്പം വർധിപ്പിച്ചതാണ് ആകെ വന്ന മാറ്റം. എല്ലാ വീടുകളുടെയും മേൽക്കൂര സിമന്റ് അടർന്നുവീണ് തുരുമ്പിച്ച കമ്പികൾ പുറത്തുവന്ന നിലയിലാണ്. മഴക്കാലത്ത് ചോർച്ചയും വേനൽക്കാലത്ത് സഹിക്കാനാവാത്ത ഉഷ്ണവുമാണ്. താമസയോഗ്യമല്ലാത്തതിനാൽ പലരും ഇവിടം വിട്ടുപോയി. ചിലരാകട്ടെ, കിട്ടിയ വിലക്ക് വീടുവിറ്റു. അമ്പതോളം വീടുകളിൽ ചിലതിൽ മാത്രമാണ് താമസക്കാരുള്ളത്.
ഈയടുത്ത കാലത്താണ് ഇവരിൽ പലർക്കും പട്ടയം കിട്ടിയത്. വീട് നിൽക്കുന്ന സ്ഥലം മൂന്നു സെന്റിന് മുകളിലുണ്ടെന്നു ചിലർ പറയുന്നുണ്ടെങ്കിലും, ചിലർക്കെല്ലാം രണ്ടര സെന്റ് മാത്രമേയുള്ളൂ. അതിനാൽതന്നെ പലരും ലൈഫ് ഭവന നിർമാണ പദ്ധതിയിലും ഉൾപ്പെടുന്നില്ല.
വീട് താമസയോഗ്യമാക്കണമെന്ന ആവശ്യവുമായി കോളനിവാസികളെല്ലാം ഒപ്പിട്ട പരാതി പ്രിയങ്ക ഗാന്ധി എം.പിക്കു നൽകി കാത്തിരിക്കുകയാണിവർ. നഗരസഭ അധികൃതർ തങ്ങളെ അവഗണിക്കുകയാണെന്നാണിവരുടെ പരാതിയെങ്കിലും നഗരസഭക്ക് ഇതിൽ പങ്കില്ലെന്നാണ് അധികൃതരുടെ നിലപാട്. ഭവനനിർമാണ ബോർഡിന്റെ അധീനതയിലുള്ള കാര്യത്തിൽ നഗരസഭക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതേസമയം, മുമ്പേതന്നെ ഫ്ലാറ്റ് നിർമിച്ച് പുനരധിവസിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കോളനിവാസികൾ തയാറായിരുന്നില്ലെന്നും, ഇനിയും അവർ തയാറാവുകയാണെങ്കിൽ ഫ്ലാറ്റ് നിർമിച്ചുനൽകുമെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.