'എത്രയും പ്രിയപ്പെട്ട' കത്തെഴുത്തുമായി മണാശ്ശേരി ഗവ. യു.പി സ്കൂൾ വിദ്യാർഥികൾ
text_fieldsമുക്കം: വിദ്യാർഥികളിൽ എഴുത്ത് പരിപോഷിപ്പിക്കാനും വിവിധ ഭാഷകളിൽ പ്രാവീണ്യം വർധിപ്പിക്കാനും ലക്ഷ്യമിട്ട്, മണാശ്ശേരി ഗവ. യു.പി സ്കൂളിൽ നടപ്പാക്കുന്ന പദ്ധതി ശ്രദ്ധേയമാകുന്നു. നാല് ഘട്ടങ്ങളായാണ് ഇത് നടപ്പാക്കുന്നത്. ഉന്നത പദവിയിലിരിക്കുന്നവർക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും കത്തുകൾ അയക്കുന്നതായിരുന്നു ഒന്നാംഘട്ടം. എത്രയും പ്രിയപ്പെട്ട എന്ന പേരിലാണ് പദ്ധതി.
കുട്ടികൾ എഴുതിയ കത്തുകൾക്ക് മന്ത്രിമാരടക്കമുള്ളവരുടെ മറുപടി സ്കൂളിൽ എത്തിത്തുടങ്ങി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്കൂളിന്റെ ഈ പരിപാടിയെ പ്രകീർത്തിച്ചും അഞ്ചാം ക്ലാസുകാരി ഇസ്സയെ അഭിനന്ദിച്ചും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ധനമന്ത്രി ടി.എൻ. ബാലഗോപാൽ, വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ എന്നിവരും കുട്ടികൾക്ക് മറുപടി അയച്ചു.
എഴുത്തുകാരനായ ശ്രീചിത്രൻ, മുക്കം ഭാസി, സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ പി. ഗിരീഷ് കുമാർ എന്നിവരുടെ മറുപടി കത്തുകളും കുട്ടികളെത്തേടിയെത്തി. നാല് ഘട്ടങ്ങളിലായി 4000 കത്തുകൾ എഴുതുന്ന പരിപാടിയുടെ ഒന്നാം ഘട്ടത്തിൽ1000 കത്തുകൾ എഴുതിക്കഴിഞ്ഞു. രണ്ടാംഘട്ടത്തിൽ മാതൃഭാഷ ദിനത്തോടനുബന്ധിച്ച് മറുപടി കാർഡുകൾ സഹിതം കുട്ടികൾ നാട്ടിലെ പ്രമുഖരായ വ്യക്തികൾക്ക് വീടുകളിൽനിന്ന് കത്തെഴുതുകയാണ്.
മൂന്നാംഘട്ടത്തിൽ കുട്ടികളുടെ സർഗാത്മകത കത്തെഴുത്താണ് നടത്തുന്നത്. കുട്ടികൾ വായിച്ച പുസ്തകം, സിനിമ, തുടങ്ങിയവയെയും ജീവിതത്തിലെ വിവിധ സന്ദർഭങ്ങളെയും ആസ്പദമാക്കിയുള്ള രചനകളാണ് ഈ ഘട്ടത്തിൽ. നാലാം ഘട്ടത്തിൽ കുട്ടികളെ ഇ-മെയിൽ അയക്കാനും ഇ-റൈറ്റിങ് മുതലായവയിൽ മികവ് നേടാനും പ്രാപ്തനാക്കും. കോവിഡ് കാലത്തെ സ്കൂളിലെ തനത് പഠനപ്രവർത്തനം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.