മണാശ്ശേരി ഇരട്ട കൊലപാതകം: ബിർജുവിൻെറ മാതാവ് ജയവല്ലിയുടെ മരണത്തിലും ക്രൈ ബ്രാഞ്ച് അന്വേഷണം തുടങ്ങി
text_fields
മുക്കം: മണാശ്ശേരി ഇരട്ട കൊലപാതക കേസിലെ പ്രതി ബിർജുവിൻെറ മാതാവ് ജയവല്ലിയുടെ മരണത്തിലും ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പക്ടർ വി.എസ് മുരളീധരൻ, എ.എസ്.ഐ.എം.കെ.സുകു, എ.സി.പി.ഒ.കെ.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആഗസ്റ്റ് നാല് മുതലാണ് അന്വേഷണം ആരംഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ബിർജു നേരത്തെ താമസിച്ചിരുന്ന വെസ്റ്റ് മണാശ്ശേരിയിലെ വീട്ടിൽ സംഘത്തിലെ വിരലടയാള വിദഗ്ധരെത്തി കഴിഞ്ഞ ദിവസം തെളിവുകൾ ശേഖരിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും അന്വേഷണം തുടരും. ജയവല്ലിയുടെ കൊലപാതക കേസ് മുക്കം പൊലീസും, അതേസമയം ബിർജു കൊലപ്പെടുത്തിയ ഇസ്മായിലിൻെറ കേസ് ക്രൈംബ്രാഞ്ച് പൊലീസുമാണ് അന്വേഷണം നടത്തിയിരുന്നത്. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനായി രണ്ട് കേസുകളും ക്രൈബ്രാഞ്ചിന് വിട്ടുകൊടുക്കുകയായിരുന്നു.
2016 മാർച്ച് അഞ്ചിനാണ് ജയവല്ലിയെ വെസ്റ്റ് മണാശ്ശേരിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് സി.ആർ.പി.സി 174 പ്രകാരം അസ്വാഭാവിക മരണമായിട്ടാണ് കേസ് രേഖപ്പെടുത്തിയിരുന്നത്. ശേഷം മുക്കം പൊലിസ് വിശദ അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ഏതാനും ദിവസങ്ങൾക്കകം മുക്കത്തും ബേപ്പൂരിലും, ചാലിയത്തും, മൃതദേഹാവശിഷ്ടങ്ങൾ കണ്ടതോടെ കേസ് മറ്റൊരുവഴിത്തിരിവിലെത്തുകയായിരുന്നു.
ഇതോടെ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് അന്വേഷണം ഏറ്റടുത്തു. രേഖാചിത്രം തയ്യാറാക്കി ഡി.എൻ. എ. പരിശോധനയിലൂടെ മൃതദേഹം ഒരാളുടേതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. ലോക്കൽ പൊലിസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയായ ബിർജുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബിർജുവിനെ ചോദ്യം ചെയ്തപ്പോഴാണ് അമ്മ ജയവല്ലിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
സ്വത്ത് കൈക്കലാക്കുന്നതിന് വേണ്ടി വണ്ടൂർ സ്വദേശിയായ പുതിയോത്ത് ഇസ്മായിലിൻെറ സഹായത്തോടെ ബിർജു ജയവല്ലിയെ തോർത്തുമുണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം സാരിയിൽ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകത്തിന് സഹായിച്ചതിനുള്ള പ്രതിഫലം ചോദിച്ചതിന് ഇസ്മായിലിനെ ബിർജു മണാശ്ശേരിയിലെ വീട്ടിൽ വിളിച്ചു വരുത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ വിദഗ്ധമായ രീതിയിൽ കഷ്ണങ്ങളാക്കി ചാക്കിൽ വിവിധയിടങ്ങളിൽ കൊണ്ടിടുകയായിരുന്നു.
ജയവല്ലിയുടെ മരണത്തിൽ ഐ.പി.സി 302 പ്രകാരം ക്രൈംബ്രാഞ്ച് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും എഫ്.ഐ.ആർ തയാറാക്കി മുക്കം പൊലിസിന് കൈമാറുകയാണുമുണ്ടായത്. മുക്കം സി.ഐ ബി.കെ സിജുവിനാണ് അന്വേഷണ ചുമതല. ബിർജുവിൻെറ അച്ഛൻ പാലിയിൽ വാസുവിനെ 1984 നവംബർ 17ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും അന്വേഷണത്തിലുണ്ടാവുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.