വ്യാപാരിയുടെ സമരം; മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsമുക്കം: കൈയേറ്റക്കാരിൽനിന്ന് ജീവനും സ്വത്തിനും സംരക്ഷണം തേടിയും, പരാതികളിലും വ്യാപാര ലൈസൻസ് അപേക്ഷകളിലും നടപടി സ്വീകരിക്കാത്ത അധികൃതരുടെ അലംഭാവത്തിനുമെതിരെ മണാശ്ശേരിയിൽ ഒന്നര മാസമായി ഹോട്ടൽ വ്യാപാരി നടത്തുന്ന നിരാഹാര സത്യഗ്രഹത്തിൽ മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. പൊതുപ്രവർത്തകനും റിട്ട. തഹസിൽദാറുമായ കോഴിക്കോട് കാരപ്പറമ്പിലെ പി. ശ്രീനിവാസൻ 'മാധ്യമ'ത്തിലെ വാർത്ത മനുഷ്യാവകാശ കമീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്തേക്ക് മെയിൽ ചെയ്തിരുന്നു. ഇതോടെ കമീഷൻ കേസ് രജിസ്റ്റർ ചെയ്തു.
കേസെടുത്തതിനൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽനിന്നുൾപ്പെടെ കമീഷൻ വിവരങ്ങൾ തേടിയതായാണ് സൂചന. വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ മണാശ്ശേരി മഠത്തിൽ തൊടിക അശോകൻ ഡിസംബർ ഒന്നു മുതലാണ് മണാശ്ശേരിയിൽ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സമരമിരിക്കുന്നത്. മണാശ്ശേരിയിലെ കുടുംബസ്വത്തിൽ നല്ലൊരു ഭാഗം കൈയേറിയതായും മാലിന്യം നിക്ഷേപിച്ച് മലിനമാക്കിയതായും അശോകൻ പറയുന്നു. ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിൽ ഉദ്ഘാടന സജ്ജമായ ഹോട്ടലിന് മുട്ടുന്യായങ്ങൾ പറഞ്ഞ് അധികൃതർ അനുമതി നിഷേധിക്കുന്നതായും അശോകൻ പരാതിപ്പെടുന്നു.
കോവിഡ് രൂക്ഷമായ സമയത്ത് മണാശ്ശേരിയിലെ കെട്ടിടം മാസങ്ങളോളം ക്വാറന്റീൻ കേന്ദ്രമായി വിട്ടു നൽകുകയും സമരം തുടങ്ങുന്നതിന് തലേ ദിവസം വരെ കോവിഡ് ചികിൽസാ കേന്ദ്രങ്ങളിൽ ഭക്ഷണമെത്തിച്ചും ശ്രദ്ധേയനായ വ്യക്തിയാണ് അശോകൻ.മനുഷ്യാവകാശ കമീഷൻ കേസെടുത്തതോടെ പരാതികളിൽ തുടർ നടപടിയുണ്ടാവുമെന്നാണ് അശോകന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.