കര്‍ഷകരുടെ കാവലായി ബാലേട്ടന്; മൂന്നു മാസത്തിനുള്ളില്‍ കൊന്നത് 25 കാട്ടുപന്നികളെ
text_fieldsമുക്കം: പന്നിശല്യമുണ്ടോ, ബാലേട്ടനെ വിളിച്ചാല്‍ മതി. മുക്കം നഗരസഭയിലും കാരശ്ശേരി പഞ്ചായത്തിലും വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ വനംവകുപ്പ് ചുമതലപ്പെടുത്തിയത് സി.എം. ബാലനെയാണ്. താന്‍ നട്ടുവളര്‍ത്തിയ ഇരുനൂറോളം കപ്പകള്‍ കാട്ടുപന്നി കുത്തിനശിപ്പിച്ചപ്പോഴാണ് കര്‍ഷകരുടെ ദുരിതം തിരിച്ചറിഞ്ഞത്. അന്നു മുതല്‍ കര്‍ഷകര്‍ക്ക് കാവലാണ് ബാലേട്ടന്.
ഈ പ്രദേശങ്ങളില്‍ വ്യാപകമായി കാട്ടുപന്നികൾ കൃഷിനശിപ്പിച്ചതിനാൽ കര്‍ഷകര്‍ പൊറുതിമുട്ടിയിരുന്നു. വനംവകുപ്പിെൻറ അനുമതി ലഭിച്ചതുമുതല്‍ കഴിഞ്ഞ മൂന്നു മാസങ്ങള്‍ ഉറക്കമില്ലാത്ത രാത്രികളായിരുന്നു ബാലേട്ടന്. കര്‍ഷകരുടെ വിളി വന്നാല്‍ പകല്‍ പോയി സ്ഥലത്തെക്കുറിച്ച് മനസ്സിലാക്കി രാത്രിയില്‍ കുന്നുംമലയും താണ്ടണം. മൂന്നു മാസത്തിനുള്ളില്‍ 25 കാട്ടുപന്നികളെയാണ് ബാലേട്ടൻ കൊന്നത്. ഇതിനകം നിരവധി അംഗീകാരങ്ങളും ബാലേട്ടനെ തേടിയെത്തി.
ഒരു പന്നിയെ വെടിവെച്ചുകൊന്നാല്‍ 1000 രൂപ പ്രതിഫലം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഒരു ചില്ലിക്കാശുപോലും ഇതുവരെ വനംവകുപ്പ് നല്‍കിയിട്ടില്ല. ഭക്ഷണച്ചെലവോ മറ്റു ചെലവുകളോ എന്തിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍പോലും അതെല്ലാം സ്വയം വഹിക്കണം.
വെടികൊണ്ട പന്നി ചാവാതെ കിലോമീറ്ററുകളോളം ഓടിപ്പോവുകയും പിന്തുടര്ന്ന് കണ്ടുപിടിക്കേണ്ടിയും വന്നിട്ടുണ്ട്. വെടിയേറ്റ മൂന്നുനാല് പന്നികള്‍ രക്ഷപ്പെട്ടിട്ടുമുണ്ട്.
രണ്ടുവര്‍ഷം മുമ്പ് കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പിലും കല്പൂരും പന്നിയുടെ ആക്രമണത്തില്‍ രണ്ടാളുകള്‍ മരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പന്നികളുള്ള കറുത്തപറമ്പ്, കൂടാംപൊയില്‍, പാറത്തോട് പ്രദേശങ്ങള്‍ പ്രശ്നബാധിതപ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് ബാലേട്ടെൻറ അഭിപ്രായം. ആനയെ വെടിവെക്കാനുപയോഗിക്കുന്ന അതേ റൈഫിള്‍ ഉപയോഗിച്ച് ഒന്നര ക്വിൻറല്‍ ഭാരമുള്ള പന്നിയെ വരെ കൊന്നിട്ടുണ്ട്.
പന്നികളെ വെടിവെച്ചുകൊല്ലാന്‍ ഫോറസ്റ്റ് ഗാര്ഡിനെതന്നെ സര്‍ക്കാര്‍ ചുമതലപ്പെടുത്തണമെന്നാണ് ബാലേട്ടെൻറ പക്ഷം. കൃഷിക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് അവര്‍ ചെല്ലണം. എല്ലാ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും തോക്കും പരിശീലനവും കൊടുക്കണം.
പന്നിയെ വെടിവെച്ചുകൊന്നാല്‍ വനംവകുപ്പിെൻറ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി അവിടെതന്നെ സംസ്കരിക്കുകയാണ് പതിവ്. ബാലേട്ടെൻറ അഭിപ്രായത്തില്‍ ഒന്നുകില്‍ പന്നിയെ വിറ്റ് അതിെൻറ കാശ് സര്‍ക്കാറിലേക്ക് മുതല്‍കൂട്ടണം. അതല്ലെങ്കില്‍ മൃഗശാലകളിലേക്ക് ഭക്ഷണാവശ്യത്തിനായി നല്‍കണം. അതുമല്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിന് വിട്ടുനല്‍കണം. ഇത്തരം നിര്‍ദേശങ്ങള്‍ ബാലേട്ടന് വനംവകുപ്പിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
11 വര്‍ഷംമുമ്പ് പൊലീസ് ഡിപ്പാർട്മെൻറില്നിന്ന് വിരമിച്ച ബാലേട്ടന് ഭാര്യയും മൂന്നു മക്കളോടുമൊപ്പം കച്ചേരിക്കടുത്ത് സായ്ദുര്ഗയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.