മുക്കം ഇ.എം.എസ് ഓഡിറ്റോറിയം ശോച്യാവസ്ഥയിൽ
text_fieldsമുക്കം: മലയോര മേഖലയുടെ സിരാകേന്ദ്രമായ മുക്കത്ത് പൊതുപരിപാടികൾക്ക് ഒരിടം എന്ന നിലയിൽ വർഷങ്ങൾക്കുമുമ്പ് കോടികൾ ചെലവഴിച്ചു നിർമിച്ച മുക്കം. ഇ.എം.എസ് ഓഡിറ്റോറിയം ശോച്യാവസ്ഥയിൽ.
നിർമാണം പൂർത്തീകരിച്ച് 13 വർഷം പിന്നിട്ടിട്ടും കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്താതായതോടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഡിറ്റോറിയത്തിലെ സീലിങ് തകർന്നുവീണു തുടങ്ങി. കർട്ടനുകൾ കാണാനില്ല. വൈദ്യുതി ബന്ധവും താറുമാറായി. ഫാനുകൾ പലതും കറങ്ങുന്നില്ല. ഇപ്പോഴും നഗരസഭയുടേതുൾപ്പെടെ നിരവധി പരിപാടികൾ ഇവിടെ നടക്കുന്നുണ്ട്.
മുക്കത്തെ കലാകാരന്മാരുടെ കൂട്ടായ്മയായ ബോധിയുടെ ഭാരവാഹികളായിരുന്ന മുക്കം ഭാസിയുടെയും മുക്കം വിജയന്റെയുമൊക്കെ നേതൃത്വത്തിൽ സമരങ്ങളും മുറവിളികളും ഓഡിറ്റോറിയത്തിനായി നടത്തിയിരുന്നു. ഇതേത്തുടർന്നാണ് മുക്കത്ത് ഇങ്ങനെയൊരു സ്ഥാപനം നിർമിച്ചത്.
നഗരസഭയാകുന്നതിനുമുമ്പ് മുക്കം പഞ്ചായത്തായപ്പോൾ എ. കല്യാണിക്കുട്ടി പ്രസിഡന്റും ജോസ് മാത്യു സെക്രട്ടറിയുമായ കാലത്തായിരുന്നു ഇത്. 2011 ഫെബ്രുവരി 18ന് അന്നത്തെ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയായിരുന്നു ഉദ്ഘാടനം ചെയ്തത്.
കുറഞ്ഞ പണം ചെലവഴിച്ചാൽ നവീകരിക്കാൻ സാധിക്കുന്ന ഓഡിറ്റോറിയത്തിലേക്ക് അധികൃതർ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്.
അതേ സമയം 50 ലക്ഷം രൂപ നവീകരണത്തിന് അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ ഉടൻ നടക്കുമെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.