മുക്കം ഗവ. ആശുപത്രിവളപ്പിൽനിന്ന് അനധികൃതമായി മരം മുറിച്ചുകടത്തി
text_fieldsമുക്കം: മുക്കം ഗവ. ആശുപത്രിവളപ്പിൽനിന്നും സ്വകാര്യവ്യക്തി അനധികൃതമായി മരം മുറിച്ചുമാറ്റി. നൂറ്റാണ്ടിനടുത്ത് പ്രായമുള്ള ആവൽ (ഞെട്ടാവൽ) എന്ന കൂറ്റൻ ഔഷധവൃക്ഷമാണ് മുറിച്ചുകടത്തിയത്.
നേരത്തേ ഇതിന് നീക്കം നടന്നിരുന്നുവെങ്കിലും നഗരസഭ സെക്രട്ടറി സ്ഥലം സന്ദർശിച്ച് മരം മുറിക്കരുതെന്ന് കർശന നിർദേശം നൽകിയിരുന്നു. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മുറിക്കാൻ അനുമതി നൽകിയ മരങ്ങളുടെ കൂട്ടത്തിലും ഈ വൃക്ഷം പെടില്ല. പൊതുസ്ഥലത്തുനിന്ന് മരങ്ങൾ മുറിക്കണമെങ്കിൽ വൃക്ഷ കമ്മിറ്റിയുടെയും വനംവകുപ്പിന്റെയും അനുമതി വേണം. ഇതെല്ലാം ലംഘിച്ചാണ് മരം മുറിച്ചുമാറ്റിയത്.
മരം മുറിച്ചുകടത്തിയത് ശ്രദ്ധയിൽപെട്ടിട്ടും നഗരസഭയോ ആശുപത്രി അധികൃതരോ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനും സംശയങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. അധികൃതരുടെ ഒത്താശയോടെയാണ് മരം മുറിച്ചുകടത്തിയിരിക്കുന്നതെന്ന് ആരോപിച്ച് വെൽഫെയർ പാർട്ടി കൗൺസിലർമാരും യൂത്ത് കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തിറങ്ങി.
സി.പി.എം നേതാവിന്റെ വ്യക്തിതാൽപര്യത്തിനായി നഗരസഭാധികൃതരുടെ മൗനാനുവാദത്തോടെയാണ് മരം മുറിച്ചുകടത്തിയതെന്നും മരംകൊള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് വനംവകുപ്പിനും പൊലീസിനും ജില്ല കലക്ടർക്കും പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നഗരസഭ തീരുമാനമോ നടപടിക്രമങ്ങളോ പാലിക്കാതെ മരംമുറിച്ചുകടത്തിയതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മുക്കം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു
ഔഷധവൃക്ഷം മുറിച്ചുകടത്തിയ സംഭവത്തിൽ നഗരസഭയിലെ വെൽഫെയർ പാർട്ടി കൗൺസിലർമാർ പ്രതിഷേധിച്ചു. പൊതുമുതൽ കൊള്ളയടിച്ചവരെ, രാഷ്ട്രീയ താൽപര്യം മുൻനിർത്തി സംരക്ഷിക്കാനാണ് നഗരസഭ അധികാരികളുടെ നീക്കം. ഇതിനെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കൗൺസിലർമാരായ എ. അബ്ദുൽ ഗഫൂർ, സാറാ കൂടാരം, ഫാത്തിമ കൊടപ്പന എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.