നഗരസഭ ചെയർമാന്റെ സഹോദരനെ മർദിച്ച സംഭവം: രണ്ടു പേർക്കെതിരെ കേസെടുത്തു
text_fieldsമുക്കം: മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബുവിന്റെ സഹോദരനെയും സുഹൃത്തുക്കളെയും വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ മുക്കം പൊലീസ് കേസെടുത്തു. കാഞ്ഞിരമുഴി വിനീത്, ശ്രീജേഷ് എന്നിവർക്കെതിരെയാണ് പട്ടികജാതി സംരക്ഷണ നിയമമനുസരിച്ച് കേസെടുത്തത്.
മാമ്പറ്റ പുളിയപ്പാറതടത്തിൽ സന്തോഷ്, സുഹൃത്ത് പുളിയപ്പാറ സിനീഷ് എന്നിവർക്കാണ് മർദനമേറ്റത്. തലയ്ക്കും കൈയ്ക്കും പുറത്തും പരിക്കേറ്റ ഇവരെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ മാമ്പറ്റ യൂനിറ്റ് പ്രസിഡൻറ് പ്രബിജോദിനെ മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്നപ്പോൾ അക്രമികൾ തങ്ങളെയും ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം.
മാമ്പറ്റ അക്രമം: യൂത്ത് കോൺഗ്രസ് ധർണ
മുക്കം: കഴിഞ്ഞ ദിവസം മാമ്പറ്റയിൽ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുനിസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളിലെ സി.പി.എമ്മിന്റെ ഗുണ്ട, മാഫിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം കമ്മിറ്റി, മാമ്പറ്റ അങ്ങാടിയിൽ ധർണ നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.ടി. സുലൈമാൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഷാദ് നീലേശ്വരം, മാമ്പറ്റ ടൗൺ കോൺഗ്രസ് പ്രസിഡൻറ് സുബ്രഹ്മണ്യൻ ചേങ്ങോട്ട്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആദർശ് മണാശ്ശേരി, മാമ്പറ്റ അബ്ദുല്ല, അജിത് മാമ്പറ്റ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.