മുക്കം നഗരസഭ; ഇടതുമുന്നണിക്ക് തലവേദനയായി ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വാക്കേറ്റം
text_fieldsമുക്കം: മുക്കം നഗരസഭ ഭരണസമിതി യോഗത്തിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വാക്കേറ്റം. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയും തമ്മിലാണ് വാക്കേറ്റം നടന്നത്.
പദ്ധതി റിവിഷൻ നടത്തുന്നതിന് വേണ്ടി ഇന്നലെ ചേർന്ന അടിയന്തര യോഗത്തിലാണ് പുതിയ പദ്ധതിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി. അബ്ദുൽ മജീദും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പ്രജിത പ്രദീപും തമ്മിൽ വാക്കേറ്റമുണ്ടായത്.
നഗരസഭയിൽ ഹരിതകർമ സേനയിലേക്ക് പുതുതായി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന കൗൺസിൽ യോഗത്തിലും ഇതേ സംഭവം ആവർത്തിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നലെ നടന്ന സംഭവമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു.
ഹരിതകർമസേനയിലേക്ക് പുതുതായി അംഗങ്ങളെ തിരഞ്ഞെടുത്തത് സി.പി.എം അനുഭാവികളെ മാത്രമായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ, റിവിഷനിൽ പുതുതായി പദ്ധതികളിൽ ഉൾപ്പെടുത്തിയത് മജീദ് ബാബു നൽകിയ ഡിവിഷനുകളിലാണ്.
ഇതാണ് വാക്കുതർക്കത്തിന് ഇടയാക്കിയ കാരണമെന്നാണ് യു.ഡി.എഫ് കൗൺസിലർമാർ പറയുന്നത്. മുസ്ലിം ലീഗ് വിമതനായ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി. അബ്ദുൽ മജീദിന്റെ പിന്തുണയോടെയാണ് എൽ.ഡി.എഫ് നഗരസഭ ഭരണം നിലനിർത്തുന്നത്.
പുതിയ ഹരിതകർമ സേനാംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ അബ്ദുൽ മജീദ് പ്രതിപക്ഷ നിലപാടിനൊപ്പം നിന്നിരുന്നു. ലീഗ് വിമതന്റെ ഇത്തരത്തിലുള്ള നിലപാട് എൽ.ഡി.എഫിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇതിന് പരിഹാരമെന്നോണമാണ് മജീദിനെ പിണക്കാതിരിക്കാൻ റിവിഷനിൽ അധിക പിന്തുണ നൽകിയതെന്നാണ് സൂചന.
33 അംഗങ്ങളുള്ള നഗരസഭയിൽ എൽ.ഡി.എഫിന് പതിനാറും യു.ഡി.എഫിന് 12ഉം വെൽഫെയർ പാർട്ടിക്ക് മൂന്നും ബി.ജെ.പിക്ക് രണ്ടും സീറ്റുകളാണുള്ളത്.
ലീഗ് വിമതൻ യു.ഡി.എഫുമായി ബന്ധം പുലർത്തുന്ന സാഹചര്യത്തിൽ ബി.ജെ.പിയുമായി കൂട്ടുകൂടാനാണ് സി.പി.എം നീക്കം നടത്തുന്നതെന്നും ഭരണം നിലനിർത്താൻ വഴിവിട്ടകളിയാണ് സി.പി.എം കളിക്കുന്നതെന്നും യു.ഡി.എഫ്, വെൽഫെയർ പാർട്ടി കൗൺസിലർമാർ ആരോപിച്ചു. യോഗത്തിൽ നഗരസഭ കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി, വേണു കല്ലുരുട്ടി, എം. മധു, എ. അബ്ദുൽ ഗഫൂർ, കൃഷ്ണൻ വടക്കയിൽ, അബു മുണ്ടുപാറ, എം.കെ യാസർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.