മുക്കം നഗരസഭയിലെ പുൽപ്പറമ്പ്- വട്ടോളിപ്പറമ്പ് ജലസേചന പദ്ധതിക്ക് ഒരുക്കത്തിലേക്ക്
text_fieldsമുക്കം: 200 ഹെക്ടർ നെൽകൃഷിക്കും നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്വാസമായി പുൽപ്പറമ്പ്- വട്ടോളിപ്പറമ്പ് ജലസേചന പദ്ധതിക്ക് പ്രാഥമിക ഘട്ടത്തിന്‍റെ ഒരുക്കമാവുന്നു. മുക്കം നഗരസഭ കൗൺസിൽ യോഗം പച്ചക്കൊടി കാണിച്ചതോടെ പദ്ധതി യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ സജീവതയിലേക്ക് നീങ്ങിയിരിക്കുകയാണ്. നായർ കുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്ന് ബൈപ്പാസ് കണക്ഷനെടുത്ത് വിപുലമാക്കി പുൽപ്പറമ്പ് ആയിപ്പറ്റ കുന്നിൽ നിലവിലുള്ള ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കും. ഇതുവഴി ഈ പ്രദേശത്തെ 42 കുടുംബങ്ങൾക്ക് കുടിവെള്ള ലഭ്യമാക്കാനുള്ള സൗകര്യമാകും.
അതേസമയം, പുൽപ്പറമ്പ് വയലിൽ കനാൽ സംവിധാനത്തിലോ, വലിയ പൈപ്പുകൾ സ്ഥാപിച്ച് പൊറ്റശ്ശേരി, വട്ടോളിപ്പറമ്പ് ഭാഗത്തെ കൃഷിയിടങ്ങളിൽ വെള്ളവെത്തിക്കാനുമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി മുക്കം നഗരസഭ 52 ലക്ഷം രൂപ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞ ആഴ്ച്ച ചേർന്ന നഗരസഭ കൗൺസിൽ സമിതി യോഗം അനുമതി നൽകിക്കഴിഞ്ഞു.
ഇറിഗേഷൻ വകുപ്പിന്‍റെ ഡി.പി.സിയും അഡ്മിനിസ്ട്രേറ്റിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പുൽപ്പറമ്പ്- വട്ടോളിപ്പറമ്പ് ജലസേചന പദ്ധതി യാഥാർഥ്യമാകുന്നതോടെ 200 ഹെക്ടർ പ്രദേശങ്ങളിൽ നെൽകൃഷിയടക്കം വൈവിധ്യങ്ങളായ കൃഷികൾക്കായി പ്രയോജനമായി മാറും. അതേസമയം, പ്രദേശങ്ങളിലെ കുടിവെള്ള പ്രതിസന്ധികൾ ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. വർഷങ്ങളായി ഈ പദ്ധതി വിഭാവനയിൽ കണ്ടതിനാൽ നാട്ടുകാരുടെ കൂട്ടായ്മയിൽ മൂന്ന് ലക്ഷം രൂപ സ്വരൂപിച്ച് ഇരു വഴിഞ്ഞിപ്പുഴ-പുൽപ്പറമ്പ്-പൊറ്റശ്ശേരി വട്ടോളിപറമ്പ് പ്രദേശത്ത് കൂടെ കടന്ന് പോകുന്ന തോട് സർവ്വേ നടപടികളും ഇതിനകം പൂർത്തീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രമദാനത്തിലുള്ള നിലവിലുള്ള തോട് ശുചീകരണ പ്രവർത്തനങ്ങളൂം നടത്തിയിരുന്നു. മൊത്തത്തിൽ ആറ് കോടിയുടെ പദ്ധതിയും തയ്യാറാക്കി മുന്നോട്ട് വെച്ചത്.
കഴിഞ്ഞ വർഷം നായർ കുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ ജലവിഭവ വകപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ, വാർഡ് കൗൺസിലർമാരായ ഷഫീഖ്മാടായി, എ. അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിയെ പറ്റിയുള്ള നിവേദനം സമർപ്പിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഒന്നാംഘട്ട പദ്ധതിക്ക് പച്ചക്കൊടിയായത്. പദ്ധതി ഈ വർഷം തന്നെ നടപ്പിലാക്കാനുള്ള നടപടികളിലാണന്ന് വാർഡ് കൗൺസിലർമാർ മാധ്യമത്തോട് പറഞ്ഞു.
നായർ കുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി കമീഷൻ ചെയ്തത് 2.03 കോടി രൂപ ചിലവിലാണ്. ഈ പദ്ധതി വഴി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ നായർ കുഴി, ചൂലൂർ പ്രദേശങ്ങളിലെ 96 ഹെക്ടറോളം വരുന്ന വയൽ പ്രദേശമടക്കം 127.12 ഹെക്ടർ കൃഷിയിടങ്ങളിലെ കാർഷിക ഉല്ലാദനം വർധിപ്പിക്കുന്നനതിന് ഏറെ പ്രയോജനമായി. ഇപ്രകാരം തന്നെ പുൽപ്പറമ്പ്- വട്ടോളിപറമ്പ് ജലസേചന പദ്ധതിയിലുടെ വയലുകളിലും പറമ്പുകളിലുംം ജലസംവിധാനമുയാൽ കാർഷിക മേഖലകളിൽ വൻ വളർച്ചക്ക് വഴിയൊരുക്കുമെന്നാണ് വിദഗ്ധർ ചൂണ്ടി കാണിക്കപ്പെടുന്നത്.
പദ്ധതി മേഖല നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, ഡെപ്പൂട്ടി ചെയർപേഴ്സൺ ഫരീദ മോയിൻകുട്ടി, സെക്രട്ടറി എൻ.കെ. ഹരീഷ്, വാർഡ് കൗൺസിലർമാരായ ഷഫീഖ്മാടായി, എ. അബ്ദുൽ ഗഫൂർ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.