ഇഴജന്തുക്കളുടെ കേന്ദ്രമായി മുക്കം വില്ലേജ് ഓഫിസ് പരിസരം
text_fieldsമുക്കം: വില്ലേജ് ഓഫിസ് പരിസരത്ത് മുറിച്ചിട്ട കൂറ്റൻ ചീനിമരത്തിന് വനം വകുപ്പ് വലിയ വിലയിട്ടതോടെ മരം ലേലം കൊള്ളാൻ ആളില്ല. നാലരവർഷം മുമ്പ് മുറിച്ചിട്ട മരം നീക്കാതായതോടെ വില്ലേജ് ഓഫിസ് പരിസരം ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും വിഹാരകേന്ദ്രമായി. 44 ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ വില്ലേജ് ഓഫിസിന്റെ പരിസരത്താണ് കൂറ്റൻ മരം കാടുമൂടിക്കിടക്കുന്നത്. അമ്പത് വർഷത്തിലേറെ പഴക്കമുള്ള മരത്തിന് വനം വകുപ്പ് ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി കണക്കാക്കിയത്.
ഫർണിച്ചർ ആവശ്യങ്ങൾക്കൊന്നും ഉപകാരപ്പെടാത്ത ഈ മരം ഇത്രയും വലിയ തുകക്ക് ആരും ഏറ്റെടുക്കില്ലെന്ന് അധികൃതർതന്നെ പറയുന്നു. നഗരസഭ കാര്യാലയത്തിന് സമീപം കിടക്കുന്ന മരങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർ റവന്യൂ വകുപ്പിന് കത്ത് നൽകിയെങ്കിലും തുടർനടപടിയൊന്നും ഉണ്ടായില്ല. ജില്ല കലക്ടറുടെ പ്രത്യേക നിർദേശപ്രകാരം 2019 ഫെബ്രുവരിയിലാണ് കൂറ്റൻ ചീനി മരം മുറിച്ചത്. താഴക്കോട് വില്ലേജ് ഓഫിസിനു സമീപം മുറിച്ചിട്ട കൂറ്റൻ മരം വില്ലേജ് ഓഫിസിലെത്തുന്നവർക്കും നാട്ടുകാർക്കും ദുരിതമായതോടെ മരത്തടികൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും രംഗത്തെത്തിയിരുന്നു.
ഓഫിസ് പരിസരമാകെ മരത്തടികൾ നിറഞ്ഞതോടെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. വർഷങ്ങൾക്കു മുമ്പ് മുക്കം നഗരസഭ നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തിൽ, നഗരത്തിലെ പാർക്കിങ് മൈതാനമായി തിരഞ്ഞെടുത്തത് റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ 40 സെന്റ് സ്ഥലമായിരുന്നു. മുക്കം ചന്തയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും പാർക്ക് ചെയ്തിരുന്നത് ഈ മരത്തിന് ചുവട്ടിലായിരുന്നു. എന്നാൽ, മരം മുറിച്ചിട്ടതോടെ ഇവിടെ വാഹനങ്ങൾ നിർത്താൻ പറ്റാതായി. ഇതേത്തുടർന്ന് മുക്കം ബസ് സ്റ്റാൻഡ് - മാർക്കറ്റ് റോഡരികിൽ പാർക്കിങ് തുടങ്ങിയതോടെ ഗതാഗതക്കുരുക്കും പതിവായി.
ഭീഷണിയായി പഴയ കെട്ടിടവും
ലക്ഷങ്ങൾ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിച്ചെങ്കിലും, സമീപത്തുള്ള പഴയ വില്ലേജ് ഓഫിസ് ഇതുവരെ പൊളിച്ചുനീക്കിയിട്ടില്ല. ഓടുമേഞ്ഞ കെട്ടിടം മറ്റു സംഘടനകൾ ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ ഉപയോഗശൂന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.