മുത്തേരി-കല്ലുരുട്ടി റോഡ്; ചളിക്കുഴിയിലൂടെ ദുരിതയാത്ര
text_fieldsമുക്കം: മുത്തേരി-കല്ലുരുട്ടി റോഡ് പ്രവൃത്തിയിലെ അശാസ്ത്രീയത മൂലം യാത്രാ ദുരിതം പേറി നാട്ടുകാർ. ആറുകോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന റോഡിൽ പ്രവൃത്തി തുടങ്ങി മൂന്നുമാസം കൊണ്ട് വെറും 10 ശതമാനം മാത്രമാണ് നവീകരണം പൂർത്തിയായത്. റോഡിൽ വയൽ പ്രദേശമായ മേഖലയിൽ താഴ്ന്ന ഭാഗം ആവശ്യത്തിന് ഉയർത്തിയും ഉയർന്ന ഭാഗം നിരപ്പാക്കിയും റോഡ് ലെവലാക്കി, ആവശ്യത്തിന് െഡ്രയിനേജുകളും കൽവെർട്ടുകളും നിർമിച്ചുവേണം റോഡ് പണി മുമ്പോട്ടുപോകാനെന്നും എന്നാൽ ഇതൊന്നും പരിഗണിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
മഴ പെയ്തതോടെ ചളിക്കുളമായ റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. വാഹനങ്ങൾ തെന്നിമറിയുന്നത് സ്ഥിരം കാഴ്ചയാണ്. ഉദ്യോഗസ്ഥരോട് നിരന്തരം പരാതി പറഞ്ഞിട്ടും വേണ്ട രീതിയിൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ചളി നിറഞ്ഞ റോഡിലേക്ക് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ വരാൻ മടിക്കുന്നത് സാധാരണക്കാരുടെ യാത്രയും മുടക്കുന്നു.
ഓമശ്ശേരി-തിരുവമ്പാടി റോഡും നവീകരണപ്രവൃത്തി കാരണം അടച്ചതിനാൽ മുക്കം പോലുള്ള പ്രദേശങ്ങളിലേക്ക് ആളുകൾക്ക് ബന്ധപ്പെടാനുള്ള ഏക മാർഗമാണ് മുത്തേരി-കല്ലുരുട്ടി റോഡ്. കാലവർഷം തുടങ്ങിയാൽ അടുത്ത വേനലിൽ മാത്രമേ ഈ റോഡ് പണി പൂർത്തീകരിക്കാൻ സാധിക്കൂവെന്നതും വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.