നീലേശ്വരം പെട്രോൾ പമ്പിലെ കവർച്ച: മുഖ്യപ്രതി പിടിയിൽ
text_fieldsമുക്കം: നീലേശ്വരത്തെ പെട്രോൾ പമ്പിൽ നവംബർ 17ന് പുലർച്ച ജീവനക്കാരന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞു കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. താമരശ്ശേരി ഡിവൈ.എസ്.പി ഇൻ ചാർജ് പി. പ്രമോദിന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് പിടികൂടിയത്. വയനാട് കാവുമന്ദം ചെന്നലോട് പാലപറമ്പ് അൻസാറിനെ (25) തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ താമരശ്ശേരിയിൽവെച്ച് സ്പെഷൽ സ്ക്വാഡ് അംഗങ്ങൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഗോവയിലേക്ക് കടന്ന അൻസാർ അവിടെ ഒരു വീട്ടിൽ രോഗിയെ പരിചരിക്കാൻ കെയർ ടേക്കറായി ജോലിക്ക് നിൽക്കുകയായിരുന്നു. തിരിച്ചു വയനാട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. എസ്.ഐമാരായ രാജീവ്ബാബു, പി. ബിജു, എൻ.എം ജയരാജൻ, പി. ജിനീഷ്, മുക്കം എസ്.ഐ കെ. സന്തോഷ് കുമാർ, എ.എസ്.ഐ ജയരാജൻ, സീനിയർ സി.പി.ഒ അബ്ദുൽ റഷീദ്, ആർ.സി. മഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേസിലെ മറ്റു മൂന്ന് പ്രതികളെ നവംബർ 21ന് പിടികൂടിയിരുന്നു. ഇതിൽ ഒരു പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല. 17ന് പുലർച്ച 1.15ഓടെയാണ് നീലേശ്വരത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ തമിഴ്നാട് രജിസ്ട്രേഷൻ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ആൾട്ടോ കാറിലെത്തി നാലംഗ സംഘം കവർച്ച നടത്തിയത്.
2000 രൂപയുടെ പെട്രോൾ അടിച്ച സംഘം കാർ പമ്പിന് പുറത്തുനിർത്തിയശേഷം നടന്നുവന്ന് ജീവനക്കാരന്റെ മുഖത്തു മുളകുപൊടി എറിയുകയും ശേഷം ഒരാൾ ഉടുമുണ്ട് അഴിച്ചെടുത്ത് ജീവനക്കാരന്റെ തലയിൽ കെട്ടി കൈയിലുണ്ടായിരുന്ന 3,000 രൂപ കവർച്ച ചെയ്യുകയുമായിരുന്നു.
പമ്പിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ സംഭവം കണ്ട് പേടിച്ച് അനങ്ങാതെ ഇരിക്കുകയായിരുന്നു. മലപ്പുറം ജില്ലയിൽനിന്ന് വാടകക്കെടുത്ത കാറാണ് പ്രതികൾ കവർച്ചക്ക് ഉപയോഗിച്ചത്. യഥാർഥ നമ്പർ പ്ലേറ്റ് മാറ്റിയശേഷം തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറുകളുടെ നമ്പർ പ്ലേറ്റ് അഴിച്ചെടുത്തു വാടക കാറിന് ഘടിപ്പിച്ചാണ് കളവിന് ഉപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.