കാരശ്ശേരിയിൽ പുതിയ ക്വാറിക്ക് നീക്കം; പ്രതിഷേധം
text_fieldsമുക്കം: ജില്ലയിൽ ഏറ്റവും കൂടുതൽ ഖനനം നടക്കുന്ന കാരശ്ശേരി പഞ്ചായത്തിൽ പുതിയ ഒരു ക്വാറി കൂടി ആരംഭിക്കാൻ നീക്കം. പഞ്ചായത്തിലെ ജനവാസ മേഖലയായ ചുണ്ടത്തുംപൊയിൽ തേക്കും കാട്ടിലാണ് പുതിയ ക്വാറി ആരംഭിക്കുന്നതിന് ശ്രമം നടക്കുന്നത്.
കുമാരനെല്ലൂർ വില്ലേജിൽപെട്ട അൺ സർവേ ഭൂമിയാണിത്. 12 കോടിയിലധികം മൂലധനമാണ് ക്വാറിക്ക് പ്രതീക്ഷിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പബ്ലിക്ക് ഹിയറിങ് 20ന് രാവിലെ 10.30ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുള്ളവർക്ക് നേരിട്ട് വാക്കാലോ രേഖാമൂലമോ ഹിയറിങ് സമയത്ത് അവതരിപ്പിക്കാം.അതിനിടെ നിരവധി ക്വാറികളും ക്രഷറുകളും എം. സാൻഡ് യൂനിറ്റുകളും മൂലം ജനജീവിതം ദുസ്സഹമായ കാരശ്ശേരിയിൽ വീണ്ടും ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമാവുന്നുണ്ട്. പബ്ലിക്ക് ഹിയറിങ് നടക്കുന്ന സമയത്ത് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ക്വാറിക്കെതിരെ നിലപാടെടുക്കണമെന്ന ആവശ്യവും പരിസ്ഥിതി പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.
പുതിയ ക്വാറി വരുന്നത് നേരത്തെ സ്റ്റോപ് മെമ്മോ നൽകി ക്വാറികൾ പ്രവർത്തനം നിർത്തിയ സ്ഥലത്താണ്. പരിസ്ഥിതി സമിതിയുടെ ഇടപെടലുകളുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ കലക്ടർ സ്റ്റോപ് മെമ്മോ നൽകി പ്രവർത്തനം നിർത്തിവെപ്പിക്കുകയായിരുന്നു. വനാതിർത്തിയോട് 20 മീറ്റർ മാത്രം മാറി ഒരു ക്വാറിയും 120 മീറ്റർ മാറി രണ്ടാമത്തെ ക്വാറിയും പ്രവർത്തിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് പരിസ്ഥിതി പ്രവർത്തകർ പരാതി നൽകി ക്വാറികളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചത്. ഡി.എഫ്.ഒ നേരിട്ട് പരിശോധന നടത്തി കലക്ടർക്ക് റിപ്പോർട്ട് നൽകുകയായിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകരായ ബാലകൃഷ്ണൻ തോട്ടുമുക്കം, ജി. അജിത് കുമാർ എന്നിവർ പറഞ്ഞു. 12 വർഷങ്ങൾക്കുശേഷം ഇവിടെ വീണ്ടും ക്വാറി ആരംഭിക്കാനുള്ള നീക്കം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാവുമെന്നും ഇവർ പറഞ്ഞു. വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് ഖനനമാരംഭിക്കുന്നതോടെ കാട്ടുപന്നി ഉൾപ്പെടെയുള്ള ജീവികൾ നാട്ടിലേക്കിറങ്ങുന്നതിനും വലിയ തോതിൽ കൃഷി നശിപ്പിക്കുന്നതിനും കാരണമാവും. നിലവിൽ വന്യമൃഗശല്യം മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഇത് ഇരുട്ടടിയായി മാറുകയും ചെയ്യും.
മുന്നണികൾ ഇടപെടണം
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുണ്ടത്തും പൊയിലിൽ പുതിയ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രധാന മുന്നണികളും രാഷ്ട്രീയ പാർട്ടികളും ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു.
രണ്ട് മുന്നണികളും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കിയ പ്രകടനപത്രികയിൽ കാരശ്ശേരിയിൽ പുതിയ ക്വാറികൾ ആരംഭിക്കില്ലന്ന് ഉറപ്പുനൽകിയിരുന്നു. ആ ഉറപ്പ് മുന്നണികൾ പാലിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
നിലവിൽ കറുത്തപറമ്പിൽ പുതിയ ക്വാറിക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് ചുണ്ടത്തും പൊയിലിലും പുതിയ ക്വാറിക്ക് ശ്രമം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.