കൈവരിയില്ല, വീതി കുറവും; അപകടം ഈ റോഡ്
text_fieldsമുക്കം: അപകടങ്ങൾ തുടർക്കഥയാവുന്ന ഒരു റോഡുണ്ട് മുക്കം നഗരസഭയിൽ. അഗസ്ത്യൻമുഴി അങ്ങാടിയിൽ പ്രവർത്തിക്കുന്ന മുക്കം മിനിസിവിൽ സ്റ്റേഷനോടു ചേർന്നുള്ള അഗ്നി രക്ഷ നിലയത്തിന്റെ മുന്നിൽനിന്ന് തുടങ്ങി വാഴങ്ങപാലി, മുക്കം സി.എച്ച്.സി വഴി ഇ.എം.എസ് സഹകരണാശുപത്രി പരിസരത്ത് ചേരുന്ന റോഡിന്റെ തുടക്കത്തിൽ തന്നെയാണ് അപകടം പതിയിരിക്കുന്നത്.
വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽനിന്നുള്ള തുക ഉപയോഗിച്ച് നിർമിച്ച റോഡിന്റെ വീതി കുറവും കൊടുംവളവും റോഡിനു കുറുകെയും റോഡിന്റെ ഒരു വശത്തുകൂടിയും താഴ്ചയിൽ തോടുള്ളതും വെളിച്ചമില്ലാത്തതുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.
സംസ്ഥാനപാതയിൽ നിന്ന് ഈ പോക്കറ്റ് റോഡിലേക്ക് ആദ്യം ഇറക്കമിറങ്ങണം. ഉടൻ ഇടത്തോട്ടും തുടർന്ന് വലത്തോട്ടും വളയണം. തോടിനു കുറുകെയുള്ള കലുങ്കിന് വീതി നന്നേ കുറവ്. കൈവരിയില്ല. തോടിനുമില്ല കൈവരി. ഇവിടെയാണ് വാഹനങ്ങൾ തോട്ടിൽ വീണ് അപകടം സംഭവിക്കുന്നത്. അടുത്തിടെ സ്കൂട്ടറിൽ പോകുകയായിരുന്ന മുക്കത്തെ ഒരു പ്രസ് ഉടമയാണ് കലുങ്കിൽനിന്ന് വാഹനത്തോടൊപ്പം തോട്ടിലേക്ക് വീണത്.
പിന്നാലെ എത്തിയവർ ഉടൻ തന്നെ എടുത്ത് ആശുപത്രിയിലെത്തിച്ചതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. മെയിൻ റോഡിൽ ഗതാഗത സ്തംഭനമുണ്ടാവുമ്പോൾ അതു മറികടക്കാൻ പലരും പ്രത്യേകിച്ച് ഇരുചക്രവാഹനക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കല്ലൂർ ശിവക്ഷേത്രത്തിലേക്കുള്ള യാത്രക്കും പലരും ഈ റോഡ് ഉപയോഗിക്കുന്നു. വീതി കൂട്ടലും കൈവരി സ്ഥാപിക്കലും വെളിച്ചക്കുറവ് പരിഹരിക്കലുമാണ് അപകടമൊഴിവാക്കാൻ ചെയ്യേണ്ടതെന്ന് യാത്രക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.