ഉദ്യോഗസ്ഥരില്ല; ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർ കാത്തിരിക്കുന്നത് മണിക്കൂറുകൾ
text_fieldsമുക്കം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കുറവ് ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർക്ക് ദുരിതമാകുന്നു. കൊടുവള്ളി ജോ.ആർ.ടി ഓഫിസിൽ പ്രധാന തസ്തികയിൽ ആളില്ലാത്തതിനാൽ ഇതിന് കീഴിലുള്ള മുക്കം ഉൾപ്പെടെ ഗ്രൗണ്ടുകളിൽ ടെസ്റ്റിനെത്തുന്നവർ മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പലരും രാവിലെ ആറരക്ക് തന്നെ മുക്കത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ എത്തുന്നുണ്ട്.
എന്നാൽ, 8.30ന് ആരംഭിക്കേണ്ട ഡ്രൈവിങ് ടെസ്റ്റ് 12 മണിയായിട്ടും പലപ്പോഴും ആരംഭിക്കാത്ത സ്ഥിതിയാണ്. ഇതോടെ പിഞ്ചുകുഞ്ഞുങ്ങളെ വീടുകളിൽ നിർത്തിവരുന്ന സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരാണ് പ്രയാസത്തിലാകുന്നത്. രണ്ടുമാസത്തിലേറെയായി ആർ.ടി.ഒ ഓഫിസിനു കീഴിലുള്ള മിക്ക ടെസ്റ്റ് ഗ്രൗണ്ടുകളിലെയും അവസ്ഥ ഇതാണ്. അതേസമയം കൊടുവള്ളിയിൽ മാസങ്ങളായി ജോ.ആർ.ടി.ഒയുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്.
അഞ്ച് എ.എം.വി.ഐമാർ വേണ്ട സ്ഥാനത്ത് മൂന്നുപേരാണുള്ളത്. രണ്ട് എം.വി.ഐമാരിൽ സീനിയർ ഉദ്യോഗസ്ഥൻ ജോയന്റ് ആർ.ടി.ഒയുടെ ചുമതല കൂടി നിർവഹിക്കണം. ഹെവി ടെസ്റ്റ്, കാലാവധി പുതുക്കുന്ന വാഹനങ്ങളുടെ സർട്ടിഫിക്കറ്റ് പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ ജോയൻറ് ആർ.ടി.ഒയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ ചുമലിലാണ്.
ഇതിന് പുറമെ വിവിധ കാര്യങ്ങൾക്കായി ദിനേന ലഭിക്കുന്ന ആയിരത്തോളം അപേക്ഷകളിൽ നടപടികൾ സ്വീകരിക്കുന്നതും വാഹന നികുതി കാര്യങ്ങളും റിക്കവറി നടപടികൾ കൈക്കൊള്ളുന്നതും വിവിധ പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് അപകടത്തിൽപെട്ട വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച പരിശോധന തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് പരിമിത ഉദ്യോഗസ്ഥരെ വെച്ച് ഓഫിസിന് കീഴിൽ നടക്കുന്നത്.
ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതോടെ മുഴുസമയ പ്രവർത്തനം തന്നെയാണ് ജീവനക്കാർ നടത്തേണ്ടി വരുന്നത്. ഇക്കാരണങ്ങളാൽ പലപ്പോഴും ഉദ്യോഗസ്ഥർ ടെസ്റ്റ് ഗ്രൗണ്ടിൽ എത്താൻ വൈകുകയാണ്. ഇതിന് പുറമെ ഉദ്യോഗസ്ഥർക്ക് ഇടയിലുള്ള പടലപ്പിണക്കങ്ങളും ടെസ്റ്റ് വൈകാൻ കാരണമാകുന്നതായി ഡ്രൈവിങ് സ്കൂൾ ഉടമകൾ പറയുന്നു.
ആർ.ടി.ഒ ഓഫിസിൽ ടെക്നിക്കൽ ജോ. ആർ.ടി.ഒ. തസ്തികയിൽ ഉൾപ്പെടെ ഒഴിവുകൾ അടിയന്തരമായി നികത്തിയെങ്കിൽ മാത്രമേ പ്രശ്നപരിഹാരം സാധിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.