കോവാക്സിൻ ആർക്കും വേണ്ട; വാക്സിനേഷൻ യജ്ഞത്തിന് വെല്ലുവിളിയാവുന്നു
text_fieldsമുക്കം: കോവിഡ് പ്രതിരോധ കുത്തിവെപ്പിന് എത്തുന്നവർ 'കോവാക്സിൻ' എടുക്കാൻ വിമുഖത കാണിക്കുന്നത് വാക്സിനേഷൻ യജ്ഞത്തിന് വെല്ലുവിളിയാകുന്നു.വിദേശത്ത് അംഗീകാരമില്ലാത്തതിനാൽ പ്രവാസികൾ ഉൾപ്പെടെ കോവാക്സിൻ സ്വീകരിച്ച് പ്രതിസന്ധിയിലായ വാർത്തകൾ വന്നതോടെയാണ് വാക്സിനേഷന് എത്തുന്നവർ കോവാക്സിൻ സ്വീകരിക്കാൻ മടി കാണിക്കുന്നത്. വിദേശ അംഗീകാരമില്ലാത്തതിനാൽ കോവാക്സിൻ ഫലപ്രദമല്ലെന്ന തോന്നലാണ് കോവാക്സിനോട് ആളുകൾക്ക് താൽപര്യം കുറയാൻ കാരണം. മിക്കയിടത്തും വാക്സിൻ സ്വീകരിക്കാനെത്തുന്നവർ കോവിഷീൽഡ് മതിയെന്ന് വാശിപിടിക്കുന്നത് ആരോഗ്യ പ്രവർത്തകർക്ക് തലവേദനയാവുകയാണ്.
ലഭ്യതക്കനുസരിച്ച് കോവാക്സിനും കോവിഷീൽഡും മിക്കവാറും ഒരേ കണക്കിലാണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നത്.അതിനാൽ, എല്ലാവരും കോവിഷീൽഡിനായി വാശി പിടിച്ചാൽ വാക്സിനേഷൻ പ്രതിസന്ധിയിലാവും. കോവീഷിൽഡിനേക്കാൾ വില കൂടിയതും തുല്യ ഫലപ്രാപ്തിയുള്ളതുമാണ് കോവാക്സിനെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.പ്രവാസികൾക്ക് വിദേശ അംഗീകാരവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും നാട്ടിൽ കഴിയുന്നവർ കോവാക്സിൻ സ്വീകരിക്കുന്നതിൽ ആശങ്കക്ക് വകയില്ലെന്ന് ഡോക്ടർമാർ പറയുന്നു.
ഇതു സംബന്ധിച്ച ആശങ്കയകറ്റാൻ കാര്യങ്ങൾ വിശദീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചില ഡോക്ടർമാർ ശബ്ദ സന്ദേശമുൾപ്പെടെ നൽകി ബോധവത്കരണവും നടത്തുന്നുണ്ട്. മൂന്നാം തരംഗത്തിനു മുേമ്പ പരമാവധി വാക്സിനേഷൻ നടത്തണമെന്ന ലക്ഷ്യം മുൻനിർത്തിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ചിലയിടങ്ങളിൽ കോവാക്സിൻ ബോധവത്കരണം കൂടി നടത്തേണ്ട സ്ഥിതിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.