മുക്കം കടവ് പാലം ഇരുട്ടിൽ
text_fieldsമുക്കം: തെരുവുവിളക്കുകൾ കണ്ണുചിമ്മിയതോടെ മാസങ്ങളായി മുക്കംകടവ് പാലം ഇരുട്ടിൽ. കാരശ്ശേരി പഞ്ചായത്തിനെയും മുക്കം നഗരസഭയെയും ബന്ധിപ്പിക്കുന്നതും വാഹനയാത്രക്കാരും കാൽനടക്കാരും ഉൾപ്പെടെ നൂറുകണക്കിന് പേർ കടന്നു പോകുന്നതുമായ സുപ്രധാന കേന്ദ്രമാണിത്.
മുളങ്കാടും ‘വൈ’ ആകൃതിയിലുള്ള പാലവും ഇരുവഴിഞ്ഞിയുടെ സൗന്ദര്യവും ആസ്വദിക്കാൻ ദിനേന ധാരാളം സന്ദർശകരെത്തുന്ന വിനോദ സഞ്ചാര പ്രാധാന്യം കൂടിയുള്ള ഭാഗമാണിത്. പാലവും പരിസരവും ഇരുട്ടിലായതോടെ പ്രദേശത്ത് സാമൂഹിക വിരുദ്ധരും ലഹരി മാഫിയയും പിടിമുറുക്കിയിരിക്കുകയാണ്.
മൂന്ന് കരകളെയും ബന്ധിപ്പിക്കുന്ന പാലത്തിൽ നാല് വശങ്ങളിലും സൗരോർജ വിളക്കുകളും കിഴക്കുഭാഗത്ത് ഹൈമാസ്റ്റ് വിളക്കുമാണ് ഉണ്ടായിരുന്നത്. സൗരോർജ വിളക്കുകാലിലെ ബാറ്ററി മോഷണം പോയതോടെ വർഷത്തിലേറെയായി ഇത് പ്രവർത്തിക്കുന്നില്ല. മാസങ്ങൾക്കുമുമ്പ് ഹൈമാസ്റ്റ് വിളക്കും നിറം മങ്ങിയതോടെ പാലം പൂർണമായി ഇരുട്ടിലായി.
മാസങ്ങൾ കഴിഞ്ഞെങ്കിലും തെരുവുവിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്താനോ ബദൽ സംവിധാനം ഏർപ്പെടുത്താനോ അധികൃതർ തയാറായിട്ടില്ല. വെൽഫെയർ പാർട്ടി ഉൾപ്പെടെ വിവിധ സംഘടനകൾ പരിഹാര നടപടികൾ ആവശ്യപ്പെട്ട് രംഗത്തിറങ്ങിയെങ്കിലും ബന്ധപ്പെട്ടവർ കണ്ണുതുറന്നിട്ടില്ല. സന്ധ്യ മയങ്ങുന്നതോടെ ഇതുവഴി പോകേണ്ട സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കാൽനടക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.