മുക്കത്ത് വീണ്ടും വിദേശമദ്യ ഷാപ്പ് തുറക്കാന്‍ നീക്കം; പ്രതിഷേധം വ്യാപകം
text_fieldsമുക്കം: മുക്കം നഗരസഭയിലെ അഗസ്ത്യന്മുഴിയില് ബിവറേജ് ഔട്ട്ലറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന പാതയോരത്ത് മിനി സിവില്‍ സ്റ്റേഷനും അഗ്നിരക്ഷ നിലയത്തിനും മറുവശത്തുള്ള കെട്ടിടത്തിലാണ് മദ്യഷാപ്പ് ആരംഭിക്കുന്നതിനുള്ള നീക്കം. സംസ്ഥാന സര്‍ക്കാര്‍ പുതിയ പ്രീമിയം മദ്യശാലകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് മുക്കത്തും ബിവറേജ് ഔട്ട്ലറ്റ് അനുവദിച്ചതെന്നാണ് സൂചന. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി അഗസ്ത്യന്മുഴി ജനകീയ സമിതി രംഗത്തെത്തി. കെട്ടിടത്തിന് സമീപം പ്രതിഷേധ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
തിരുവഞ്ചുഴി ദേവീക്ഷേത്രം, അഗസ്ത്യന്മുഴി ജുമാമസ്ജിദ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സമീപത്താണ് മദ്യശാല തുറക്കാനുള്ള തീരുമാനമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംസ്ഥാന പാതയില്‍ വീതികുറഞ്ഞതും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതുമായ പ്രദേശത്ത് മദ്യഷാപ്പ് വന്നാല്‍ തിരക്ക് വര്‍ധിക്കുകയും ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സമാവുകയും ചെയ്യുമെന്നും നാട്ടുകാര്‍ പറയുന്നു. ജനവാസ മേഖലയായ ഇവിടെ നിരവധി വീടുകളുമുണ്ട്. മുക്കം സബ് ട്രഷറി, എ.ഇ.ഒ ഓഫിസ്, കൃഷിഭവന്, സബ് രജിസ്ട്രാർ ഓഫിസ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കെത്തുന്നവരും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ആശ്രയിക്കുന്ന ബസ് സ്റ്റോപ്പും ഇതിനടുത്താണ്. മദ്യശാല വന്നാല്‍ സംസ്ഥാന പാതയോരത്ത് കാടുമൂടിക്കിടക്കുന്ന പഴയ ബ്രിട്ടീഷ് പാലവും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമായി മാറുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
നാടിന്റെ സ്വൈരജീവിതത്തെ തകർക്കുന്ന മദ്യഷാപ്പിനെതിരെ ഒന്നിച്ച് പോരാടാനാണ് നാട്ടുകാരുടെ തീരുമാനം. ആദ്യഘട്ടമായി എം.എല്‍.എക്കും നഗരസഭ അധികൃതര്‍ക്കും എക്സൈസ് വകുപ്പിനും പരാതി നല്‍കുമെന്നും ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു. നേരത്തേ മുക്കം പൊലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിച്ചുവന്നിരുന്ന ബിവറേജ് ഔട്ട്ലറ്റ് സംസ്ഥാന-ദേശീയ പാതകളില്‍നിന്ന് മദ്യശാലകള്‍ മാറ്റുന്നതിന്റെ ഭാഗമായി അടച്ചുപൂട്ടിയിരുന്നു. പിന്നീട് 2017ല്‍ നഗരസഭയിലെ കയ്യിട്ടാപൊയിലില്‍ ഔട്ട്ലറ്റ് തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും ശക്തമായ ജനകീയ സമരത്തെതുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ മുക്കം ടൗണില്‍ രണ്ട് മദ്യശാലകൾ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.