ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ്ശല്യം രൂക്ഷം
text_fieldsമുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ്ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പുഴയിലിറങ്ങിയ കുട്ടികളടക്കം നാലു പേർക്കാണ് നീർനായുടെ കടിയേറ്റത്.
കാരശ്ശേരി തിരുവാലൂർ ഇല്ലത്ത് മധുസൂദനൻ നമ്പൂതിരിയുടെ മക്കളായ ശ്രീകുമാർ (13), ശ്രീനന്ദ (8), കാരാട്ട് കടവിൽ അലക്കാനിറങ്ങിയ കുഞ്ഞാലിയുടെ ഭാര്യ പാത്തുമ്മ, പാഴൂർ ഇടവഴിക്കടവ് കുളിക്കടവിൽ അലക്കുകയായിരുന്ന കരുവാൻ തൊടിക ഖദീജ (60 എന്നിവർക്കാണ് കടിയേറ്റത്.
അമ്മയുടെ കൂടെ കുളിക്കാനിറങ്ങിയ കുട്ടികളെ പത്തോളം നീർനായ്ക്കൾ കൂട്ടമായി എത്തിയാണ് ആക്രമിച്ചത്. ഉടൻ കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
കാലുകൾക്കാണ് അധികപേർക്കും കടിയേറ്റത്. കഴിഞ്ഞ ദിവസങ്ങളിൽ നീർനായ്ക്കൾ കൂട്ടമായി ഇരുവഴിഞ്ഞിപ്പുഴയിലൂടെ നീന്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി പേർക്കാണ് നീർനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഒറ്റക്കും കൂട്ടമായും സഞ്ചരിക്കുന്ന ഇവയുടെ ആക്രമണം രൂക്ഷമായപ്പോൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിെൻറ ആർ.ആർ.ടി സ്ഥലം സന്ദർശിച്ചിരുന്നുവെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
പുഴയുടെ ഇരുകരകളിലുമുള്ള ജനങ്ങള്‍ക്ക് വെള്ളത്തില്‍ ഇറങ്ങി കുളിക്കാനോ വസ്ത്രം കഴുകാനോ കഴിയാത്ത അവസ്ഥയാണ്. വെള്ളത്തിനടിയിലൂടെയുള്ള ആക്രമണമായതിനാൽ പെട്ടെന്ന് രക്ഷപ്പെടാൻ സാധിക്കുന്നില്ല.
വേനൽ കനത്താൽ പ്രദേശവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇരുവഴിഞ്ഞിയെയാണ്. നീർനായുടെ തുടർച്ചയായ ആക്രമണത്തിന് പരിഹാരത്തിനായി അധികൃതരെ സമീപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.