വാഹനങ്ങളിലെ അമിതഭാരം; പൊതുമുതൽ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാൻ നിർദേശം
text_fieldsമുക്കം: അമിതഭാരം കയറ്റി സഞ്ചരിക്കുന്ന വാഹനങ്ങൾക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയറുടെ നിർദേശം ആശ്വാസമാകുന്നു. ഇത്തരം വാഹനങ്ങൾക്കെതിരെ പൊതുമുതൽ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് മഞ്ചേരി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയറുടെ നിർദേശം.
അരീക്കോട്, തിരുവമ്പാടി പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആർ.ടി.ഒമാർക്കുമാണ് നടപടിയാവശ്യപ്പെട്ട് നിർദേശം നൽകിയത്. അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങളുടെ ഗതാഗതം മൂലം റോഡ് തകരുന്നതായി കാണിച്ച് നാട്ടുകാർ നൽകിയ പരാതിയിലാണ് നടപടി.
കൂടരഞ്ഞി പഞ്ചായത്തിലെ കൂനൂർകണ്ടി -മരത്തോട്-പീടികപ്പാറ റോഡിലൂടെയും ഊർങ്ങാട്ടിരി പഞ്ചായത്തിലെ കിണറടപ്പൻ - പീടികപ്പാറ റോഡിലൂടെയും അമിതഭാരം വഹിച്ച് പോകുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാണ് നിർദേശം.
വാഹനങ്ങളിൽ അമിത ലോഡ് കയറ്റിവിടുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ചുചേർത്ത് ആവശ്യമായ നടപടി സ്വീകരിക്കാൻ ഇരു പഞ്ചായത്തുകളുടെയും സെക്രട്ടറിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയുടെ കിഴക്കൻ മേഖലയിലെ മറ്റ് പഞ്ചായത്തുകളിലും നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
കഴിഞ്ഞ 27നാണ് മഞ്ചേരി പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ ഉത്തരവ് ഇറക്കിയത്. പ്രധാന ജില്ല റോഡുകളിലൂടെ 10.2 ടൺവരെ ഭാരംവഹിച്ചുള്ള വാഹനങ്ങൾക്കു മാത്രമേ യാത്രാനുമതിയുള്ളൂ. മലയോര മേഖലയിലെ ക്വാറി - ക്രഷർ യൂനിറ്റുകളിൽനിന്ന് ടിപ്പർ ലോറികൾ വലിയ ഭാരംകയറ്റി സഞ്ചരിക്കുന്നത് മൂലം റോഡ് തകരുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ പരിശോധനയിൽ ഈ റോഡുകളിലൂടെ ടോറസ് വാഹനങ്ങൾ ഉൾപ്പെടെ സഞ്ചരിക്കുന്നത് മൂലം റോഡിൽ വിള്ളൽ വീണതായി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.