സേവനത്തിന് പ്രായമില്ല; പിസിയാക്കയും പാലവും എന്നും ചെറുപ്പം
text_fieldsതിരുവമ്പാടി: മുക്കം നഗരസഭയെയും തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടത്തിൻകടവ് പാലത്തിെൻറ സേവനത്തോളം കാലദൈർഘ്യമുണ്ട് പിസിയാക്ക സേവനഗാഥക്കും. പി.സി.അഹമ്മദ് എന്ന പിസിയാക്ക 85ാം വയസ്സിലും പ്രായത്തിെൻറ അവശതകളെ മറന്ന് സേവന നിരതനാകും തോട്ടത്തിൻ കടവ് പാലത്തിലെത്തുമ്പോൾ.
മലയോരത്തേക്ക് ഗതാഗതത്തിന് പാലം യാഥാർഥ്യമായത് 1972 ലാണ്. അന്ന് തുടങ്ങിയ സേവന പ്രവൃത്തിയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട പിസിയാക്ക ഇന്നും തുടരുന്നത്. പാലത്തിലെ ചളിയും മറ്റ് അവശിഷ്ടങ്ങളുമെല്ലാം നീക്കം ചെയ്ത് ക്ലീനാക്കുക എന്നത് ഇദ്ദേഹത്തിെൻറ നിത്യവൃത്തിയുടെ ഭാഗമാണ്. അതുകൊണ്ടു തന്നെ പാലത്തിന് ഇപ്പോഴും ചെറുപ്പം.
പാലത്തിെൻറ ഏറെ അകലെയല്ല പിസിയാക്കയുടെ വീട്. വീട്ടിൽ നിന്ന് സമീപത്തെ തോട്ടത്തിൻ കടവ് അങ്ങാടിയിലേക്കും തിരിച്ചുമുള്ള കാൽനട യാത്രക്കിടയിൽ പാലം വൃത്തിയാക്കിയേ ഇദ്ദേഹം മറുകരയിലെത്തൂ. 'പാലം സംരക്ഷണം നാട്ടുകാർ ഏറ്റെടുക്കണ'മെന്ന നിർമാണ പ്രവൃത്തി നടത്തിയ എൻജിനീയർ രാമൻ നായരുടെ നിർദേശമാണ് പിസിയാക്ക നെഞ്ചേറ്റിയത്.
മലയോരത്തെ കുടിയേറ്റത്തോളം പഴക്കമുണ്ട് പാലത്തിനരികിലെ തോട്ടത്തിൻകടവ് അങ്ങാടിക്ക്. അഞ്ചു പതിറ്റാണ്ടു മുമ്പ് ഈ അങ്ങാടിവരെ മാത്രമായിരുന്നു ഗതാഗത സൗകര്യമുണ്ടായിരുന്നത്.
അക്കാലത്ത് സമീപത്തെ റബർ എസ്റ്റേറ്റിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം പിന്നീട് കർഷകനും പലചരക്ക് വ്യാപാരിയുമൊക്കെയായി. ഇടക്കാലത്ത് റേഷൻ വ്യാപാര രംഗത്തും പ്രവർത്തിച്ചിരുന്നു. ഇയ്യാത്തുമ്മയാണ് ഭാര്യ. വി.എ. റഹീം, ഡോ.വി.എ. സലിം (ആസ്ട്രേലിയ), വി.എ.സക്കീന, വി.എ.റഹിയാനത്ത് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.