മയിലും പന്നിയും ഇപ്പോൾ ചെന്നായയും; പ്രകൃതിയുടെ മുറിവേറ്റ് കർഷകർ
text_fieldsമുക്കം: കിഴക്കൻ മലയോരമായ തോട്ടക്കാട് പ്രദേശങ്ങളിൽ മയിലുകളുടെയും പന്നികളുടെയും ശല്യത്താൽ ബുദ്ധിമുട്ടിലായ ആയിരക്കണക്കിന് കർഷകർക്ക് ചെന്നായയുടെ വരവും ആശങ്ക പടർത്തുന്നു.
തിങ്കളാഴ്ച രാത്രി വീട്ടിനകത്തേക്ക് കയറിയാണ് തോട്ടക്കാട്ടെ നാലു കുടുംബത്തിലെ നാലു പേരെ ചെന്നായ ആക്രമിച്ച് സാരമായി പരിക്കേൽപിച്ചത്. റബർ, തെങ്ങ്, കവുങ്ങ്, വാഴ, ജാതിക്ക തുടങ്ങിയവയാണ് തോട്ടക്കാട് പ്രദേശങ്ങളിൽ മുഖ്യ കൃഷി. ഇടവിളയായി ചേമ്പ്, ചേന, കപ്പ, മഞ്ഞൾ, ഇഞ്ചി, പച്ചക്കറികളും കൃഷി നടത്തുന്നുണ്ട്. പന്നിയും മയിലും വ്യാപകമായി ഇത്തരം കൃഷി നശിപ്പിക്കുന്നു. രണ്ടു വർഷമായ തെങ്ങ്, കവുങ്ങിൻ തൈകൾ എന്നിവയുടെ മുകൾ ഭാഗത്തെ കൂമ്പും കാമ്പും കുത്തിക്കീറി ഭക്ഷിക്കുന്നു.
പകരം തൈപോലും നട്ടു പിടിപ്പിക്കാനാവാതെ കർഷകർ കഷ്ടപ്പെടുന്നു. മൂന്നാം വർഷത്തിൽ കായ്ഫലം നൽകുന്നവയും ഇക്കൂട്ടത്തിലുണ്ട്. ഭക്ഷണലഭ്യത കുറഞ്ഞാൽ പനന്തൈകൾപോലും പന്നികൾ ഭക്ഷിക്കും. കപ്പയും പച്ചക്കറിയും മയിലുകൾ കൂട്ടമായെത്തി നശിപ്പിക്കുന്നു. തോട്ടക്കാട്ട് പ്രദേശങ്ങളിൽ മൂന്നു തവണ ഉരുൾപൊട്ടലുണ്ടായ മലയോര പ്രദേശമാണ്.
അന്ന് ആയിരക്കണക്കിന് ഏക്കർ കൃഷിയാണ് നശിച്ചത്. കുറുക്കനും മുള്ളൻപന്നികളും പലയിനം പാമ്പുകളും ജനങ്ങളുടെ ജീവിതത്തെ ദുരിതമാക്കുന്നു. പന്നികളെ വെടിവെക്കാൻ കാരശ്ശേരി പഞ്ചായത്തിന് അനുമതിയുണ്ടങ്കിലും ഗർഭിണികളായ, മുലയൂട്ടുന്ന പന്നികൾ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം എട്ട് പന്നികൾ പ്രദേശത്ത് വിളനാശം വരുത്തി വിഹരിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു. ചെന്നായ ആക്രമണം കാരണം റബർ ടാപ്പിങ് ചെയ്യുന്നവരും ഭീതിയിലാണ്. നാല്, അഞ്ച് ഏക്കർ റബർ തോട്ടത്തിൽ പലരും ഒറ്റക്കാണ് ജോലിചെയ്യുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് തോട്ടക്കാട് മേഖല സന്ദർശിച്ചതോടെ ചെന്നായയുടെ കാൽപാടാെണന്ന് തിരിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.